തൊടുപുഴ: അധികാരം നഷ്ടപ്പെട്ടാലും മതനിരപേക്ഷത വിട്ട് ഒരു ഒത്തുതീർപ്പിനുമില്ലെന്ന് തൊടുപുഴ നഗരസഭയിൽ ഇടതുമുന്നണിയുടെ നയപ്രഖ്യാപനം. ചെയർപേഴ്സൻ മിനി മധുവിന് എതിരെ യു.ഡി.എഫ് നൽകിയിട്ടുള്ള അവിശ്വാസ പ്രമേയത്തോടുള്ള നിലപാട് വ്യക്തമാക്കി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇടതുമുന്നണി നേതാക്കൾ ഈ കാര്യം അടിവരയിട്ട് പറയുന്നത്. യു.ഡി.എഫ് നേതൃത്വത്തിൽ മുസ്ലീംലീഗ് പ്രതിനിധി സഫിയ ജബാർ രണ്ടരവർഷം ഭരണം നടത്തിയപ്പോൾ അവിശ്വാസത്തെക്കുറിച്ച് ചിന്തിക്കാതിരുന്നത് ബി.ജെ.പിയുമായി ഒരുതരത്തിലുമുള്ള അവിശുദ്ധ കൂട്ടുകെട്ടിന് എൽ.ഡി.എഫ് തയ്യാറല്ലാത്തതിനാലായിരുന്നു. 13 അംഗങ്ങളുള്ള എൽ.ഡി.എഫും എട്ട് അംഗങ്ങളുള്ള ബി.ജെ.പിയും യോജിച്ചിരുന്നെങ്കിൽ 14 സീറ്റ് മാത്രമുള്ള യു.ഡി.എഫിനെ പുറത്താക്കാമായിരുന്നു. ഒരു ജനാധിപത്യ ഭരണസംവിധാനത്തെ വർഗീയകക്ഷികളുമായി കൂട്ടുചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഇടതുമുന്നണിയുടെ നയമല്ലാത്തതുകൊണ്ടാണ് അത്തരമൊരു നീക്കം നടത്താതിരുന്നത്. എന്നാൽ യു.ഡി.എഫിലെ അന്തഛിദ്രം മൂലം അവർക്ക് ഭരണം നഷ്ടപ്പെടുകയും ഇടതുമുന്നണിയിലെ മിനി മധു അദ്ധ്യക്ഷയാവുകയുമാണുണ്ടായത്. ഇപ്പോൾ ബി.ജെ.പിയുമായി രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഐക്യജനാധിപത്യമുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. മിനി മധുവിനെ പുറത്താക്കിയ ശേഷം സ്ഥാനമാനങ്ങൾ ബി.ജെ.പിക്ക് കൂടി വീതിച്ചുനൽകാനാണ് യു.ഡി.എഫ് ധാരണ. തൊടുപുഴയിലെ ഉയർന്ന ജനാധിപത്യമൂല്യവും മതനിരപേക്ഷ കാഴ്ചപ്പാടുമുള്ള ജനങ്ങൾ ഭാവിയിൽ ഇതിന് മറുപടി നൽകും. ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം വന്ന ദിവസം തന്നെയാണ് തൊടുപുഴയിൽ ബി.ജെ.പിയും കോൺഗ്രസുമായി സന്ധി ചെയ്ത് ഇടതുമുന്നണിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നതും ശ്രദ്ധേയമാണ്.
18 വർഷത്തെ യു.ഡി.എഫ് ഭരണകാലത്ത് നിശ്ചലമായിരുന്ന നഗരവികസനത്തിന് മിനി മധു അദ്ധ്യക്ഷയായതിന് ശേഷമുള്ള ആറ്മാസം കൊണ്ട് ജീവൻവച്ചതിന്റെ ജാള്യതയും അങ്കലാപ്പുമാണ് അവിശ്വാസപ്രമേയത്തിന് കാരണം. സുതാര്യവും വ്യക്തവുമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ ഈ ഭരണം മുന്നോട്ടുപോയാൽ തൊടുപുഴയിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടക്കുമെന്നും അത് തങ്ങളുടെ ജനപിന്തുണ നഷ്ടപ്പെടാൻ കാരണമാകുമെന്നുമുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും തിരിച്ചറിവാണ് അവരെ ഇത്തരമൊരു അവിശുദ്ധകൂട്ടുകെട്ടിന് പ്രേരിപ്പിക്കുന്നതെന്നും ചെയർപേഴ്സൺ മിനി മധു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഹരി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ രാജീവ് പുഷ്പാംഗദൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.