മറയൂർ: കാറിൽ ചന്ദനം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശികളായ മൂന്നു പേർ മറയൂർ തലയാറിൽ പിടിയിലായി. കാസർകോട് തയ്യൽ നിർമ്മൽമൂല മുട്ടത്തോടി റഫീന മൻസിലിൽ ഇബ്രാഹിം മസൂദ് (28), വിദ്യാനഗർ സ്വദേശി മുഹമ്മാദ് അലി (29), ആലാംപാടി ഷബാനാ മൻസിലിൽ എൻ.എം ആഷിക് (26) എന്നിവരെയാണ് ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ച കാറിന്റെ ഡിക്കിയിലെ ബാഗിലും മുൻസീറ്റിന് അടിയിലുമായി 70 കിലോ ചന്ദനമാണ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത ചന്ദനത്തിന് അഞ്ചു ലക്ഷം രൂപ വിലവരും. മൂന്നാർ - മറയൂർ പാതയിൽ വനപാലകരുടെ പട്രോളിംഗിനിടെ ശനിയാഴ്ച രാത്രി രണ്ടു മണിയോടെയാണ് സംഘം പിടിയിലായത്. മറയൂർ റേഞ്ച് ഓഫീസർക്കു ലഭിച്ച രഹസ്യ വിവരമനുസരിച്ച് മൂന്നു ദിവസമായി പരിശോധന നടത്തുകയായിരുന്നു.
അതേസമയം, പിടിയിലായ ഇബ്രാഹിം മസൂദിനെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച വിവരമനുസരിച്ച് ഇയാളുടെ കാസർകോട്ടെ വീട്ടിൽ ഫോറസ്റ്റ് വിഭാഗം നടത്തിയ പരിശോധനയിൽ 18 കിലോ ചന്ദനം കണ്ടെടുത്തു. കട്ടിലിനടിയിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന ചന്ദനം രണ്ടാഴ്ച മുമ്പ് പൊള്ളാച്ചിയിൽ നിന്ന് വാങ്ങിയെന്നാണ് മസൂദ് പറഞ്ഞത്. സുഹൃത്തായ ആഷിക്കിന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണ് ചന്ദനക്കള്ളക്കടത്തിന് ഇറങ്ങിയതെന്നാണ് പ്രതികൾ പറഞ്ഞത്.
മറയൂർ റേഞ്ച് ഓഫീസർ ജോബ് ജെ. നെരിയാംപറമ്പിൽ ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നിസാം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.ആർ ഷിബു, സജിമോൻ, ഷൈൻ, മനോജ് , രാമകൃഷ്ണൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വണ്ടിയിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പ്രതികളുടെ കാറിനും വനം വകുപ്പിന്റെ ജീപ്പിനും കേടുപാട് സംഭവിച്ചു. പ്രതികളെ ഇന്ന് ദേവികുളം കോടതിയിൽ ഹാജരാകും .