വണ്ടിപ്പെരിയാർ: പുല്ലുമേട്ടിൽ 102 അയ്യപ്പഭക്തർ ദാരുണമായി മരിച്ച ദുരന്തത്തിന് ഇന്ന് എട്ടുവർഷം പൂർത്തിയായി. 2011 ജനുവരി 14ന് രാത്രി എട്ടുമണിയോടെയാണ്നാടിനെ നടുക്കിയ മഹാദുരന്തം ഉണ്ടാവുന്നത്. മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തിക്കിലും, തിരക്കിലും അകപ്പെട്ട് മരിച്ചവരിൽ ഏറെയും. ആ ദിവസം രണ്ടു ലക്ഷത്തോളം അയ്യപ്പഭക്തർ പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിനായി എത്തിയതായാണ് കണക്ക്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ തീർത്ഥാടകർക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്ത് നിന്നുമുള്ളവരും പുല്ലുമേട്ടിൽ എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നും 39പേരും കർണാടകയിൽ നിന്നുമുള്ള 31പേരും ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 26 പേരും മൂന്നു മലയാളികളും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് മരിച്ചത്. മകരജ്യോതി ദർശനത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങാനുള്ള തിടുക്കത്തിനിടെ വെളിച്ചക്കുറവും, അയ്യപ്പഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരും മറ്റു സംവീധാനങ്ങളും ഇല്ലത്തതായിരുന്നതുമാണ് ദുരന്തത്തിനിടയാക്കിയത്. പുല്ലുമേട്ടിലേക്കുള്ള പാതയിലെ വീതി കുറഞ്ഞ റോഡിനിരുവശത്തുമായി വനംവകുപ്പ് സ്ഥാപിച്ചിരുന്ന കടകളും, ഈ ഭാഗത്തേക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കാൻ വനംവകുപ്പ് സ്ഥാപിച്ച ചങ്ങലയും, ആയിരക്കണക്കിനു വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നതും മൂലം അയ്യപ്പഭക്തർക്ക് മുന്നോട്ടുനീങ്ങാൻ കഴിയാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. എറണാകുളം എസ്.പി.യായിരുന്ന എസ്.സുരേന്ദ്രനാണ് ദുരന്തം സംബന്ധിച്ച അന്വേഷണം നടത്തിയത്. പൊലീസുൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് ദുരന്തത്തിനു കാരണമെന്ന് കണ്ടെത്തിയെങ്കിലും ആരെയും പ്രതിയാക്കുകയൊ ശിക്ഷിക്കുകയൊ ചെയ്തില്ല. പിന്നീട് ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ കമ്മീഷനും ഇതേ കണ്ടെത്തൽ നടത്തിയിരുന്നു.