home

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിൽ,​ വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഇരയായ അഭിമന്യു സ്വന്തം നാടായ ഇടുക്കി വട്ടവിളയിൽ കണ്ട രണ്ടു സ്വപ്നങ്ങൾ ഇന്ന് പൂവണിയും. ഒറ്റമുറിയേക്കാൾ കുറച്ചുകൂടി സൗകര്യമുള്ളൊരു വീടും,​ നാട്ടിലൊരു വായനശാലയും. അഭിമന്യുവിന്റെ കുടുംബത്തിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ സി.പി.എം നിർമ്മിച്ച വീടിന്റെ താക്കോൽദാനവും,​ വട്ടവട ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന 'അഭിമന്യു മഹാരാജാസ്' എന്ന ഗ്രന്ഥശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നിർവ്വഹിക്കും. കൊട്ടക്കാമ്പൂരിൽ രാവിലെ 10 ന് ചേരുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രി കൈമാറും.

സി.പി.എം രൂപീകരിച്ച അഭിമന്യു കുടുംബസഹായ നിധിയിലേക്കു ലഭിച്ച 72,12,548 രൂപയിൽ നിന്ന് 39 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സ്ഥലവും വീടും വാങ്ങിയത്. അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിനു വേണ്ടിവന്ന 10 ലക്ഷത്തോളം രൂപ കൂടി കിഴിച്ച് ബാക്കി 23.75 ലക്ഷം രൂപ മാതാപിതാക്കളുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടു. കഴിഞ്ഞ ജൂലായ് രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അഭിമന്യു അവസാനമായി പങ്കെടുത്ത വട്ടവട ഗ്രാമസഭയിൽ ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു ലൈബ്രറി. ഗ്രാമപഞ്ചായത്തും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒരുമിച്ച് പല ഭാഷകളിലായുള്ള 40,​000 ൽ അധികം പുസ്തകങ്ങൾ ശേഖരിച്ചാണ് ലൈബ്രറി യാഥാർത്ഥ്യമാക്കിയത്.