പീരുമേട്: കാട്ടാനയിറങ്ങി ക്യഷി നശിപ്പിച്ചു. അഴുതയാറിന് സമീപം തെപ്പക്കുളം പുത്തൻപുരയിൽ പുരുഷോത്തമൻ നായരുടെ തോട്ടത്തിലാണ് കഴിഞ്ഞദിവസം ആനയിറങ്ങിയത്. തോട്ടത്തിലെ ഏലം, കവുങ്ങ് എന്നിവ നശിപ്പിച്ചു. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ മുറിഞ്ഞപുഴ വനത്തിൽ നിന്നാണ് ആനയെത്തിയത്. പരുന്തുംപാറ ഭാഗത്ത് കാട്ടുതീ അണയാത്തതിനാൽ ആനയ്ക്ക് കാട്ടിലേയ്ക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികൾ സംഘടിച്ച് ആനയെ തുരത്തിയോടിക്കാനുള്ള ശ്രമം തുടരുകയാണ്. വിവരം അറിയിച്ചിട്ടും വനപാലകർ സഹായത്തിന് എത്തിയില്ലെന്നും നാട്ടുകാർ പറയുന്നു.