ഇടുക്കി: വിവാഹസമയത്ത് സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താൽ യുവദമ്പതികളെ നാലുവർഷത്തിന് ശേഷം ഭർത്താവിന്റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി. നേര്യമംഗലം ചെറിയ ഓലിക്കൽ ദീപു (30), ഭാര്യ ജ്യോതി (24) എന്നിവരെ ദീപുവിന്റെ സഹോദരി ഭർത്താവും അയാളുടെ സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ട് ദീപുവിന്റെ തറവാട്ട് വീട്ടിലായിരുന്നു സംഭവം. ദേഹമാസകലം പരിക്കേറ്റ ദമ്പതികൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

നാലുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദീപുവിന്റെ രണ്ട് സഹോദരിമാരെ വിവാഹം കഴിച്ചയച്ചപ്പോൾ നൽകിയതിന് തുല്യമായ അളവിൽ സ്വർണം ജ്യോതിക്ക് കിട്ടിയില്ലെന്നതാണ് ഇപ്പോഴത്തെ കലഹത്തിന് കാരണമായി ജ്യോതിയുടെ ബന്ധുക്കൾ പറയുന്നത്.

തങ്ങളേക്കാൾ സാമ്പത്തിക ശേഷിയുള്ള വീട്ടിൽനിന്നുവന്ന വിവാഹാലോചനയിൽ ജ്യോതിയുടെ വീട്ടുകാർ ആദ്യം താത്പര്യമെടുത്തിരുന്നില്ല. എന്നാൽ നക്ഷത്രപ്പൊരുത്തം ഒത്തുവന്നപ്പോൾ ദീപുവിന്റെ ബന്ധുക്കൾ നിർബന്ധിച്ചതുകൊണ്ട് സാമ്പത്തികം പരിഗണിക്കാതെ വിവാഹം നടത്തുകയായിരുന്നു. 35 പവൻ സ്വർണാഭരണങ്ങൾ നൽകുകയും ചെയ്തു. ഇതിനുപുറമേ മാതാപിതാക്കളുടെ കാലശേഷം അഞ്ച് ഏക്കർ കുടുംബസ്വത്തിന്റെ നാലിൽ ഒന്ന് വിഹിതവും ജ്യോതിക്ക് വാഗ്ദാനം ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് നാലുവർഷം വരെ ഇതേച്ചൊല്ലി അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ദമ്പതികൾക്ക് രണ്ട് കുട്ടികളും ജനിച്ചു. എം.എസ്.സി (മാത്ത്സ്) ബിരുദമുള്ള ജ്യോതി ഒരു കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയുമാണ്. അടുത്തകാലത്ത് ദീപുവിന്റെ ബന്ധുക്കൾ സ്ത്രീധനപ്രശ്നം പറഞ്ഞ് ജ്യോതിയോട് കലഹിച്ച് തുടങ്ങി. ഈ കാര്യത്തിൽ ഭാര്യയോട് അനുഭാവം പുലർത്തിയതോടെ ദീപുവിനോടും സ്വന്തം വീട്ടുകാർക്ക് വിരോധമായി. കുടുംബവീട്ടിൽ നിന്ന് മാറി താമസിക്കാനും ഇവർക്കുമേൽ സമ്മർദ്ദമുണ്ടായി. ഇതിനിടെ ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഇളയ സഹോദരിയുടെ ഭർത്താവ് അരുൺ, ഇയാളുടെ സഹോദരൻ അമൽ എന്നിവർ പ്രകോപനമൊന്നുമില്ലാതെ വഴക്കുണ്ടാക്കുകയും ദമ്പതികളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. ആശുപത്രിയിൽ നിന്ന് ഇന്റിമേഷൻ ലഭിച്ചിട്ടും പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്താനെോ കേസ് എടുക്കാനോ തയ്യാറായില്ലെന്നും യുവതിയുടെ പിതൃസഹോദരനും പൊതുപ്രവർത്തകനുമായ പി.എൻ. തമ്പി ആരോപിച്ചു.