ഇടുക്കി: അടുത്തമാസം ഏഴ് വരെ നീണ്ടുനിൽക്കുന്ന ഗോരക്ഷാ- കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. കന്നുകാലികൾ, പന്നി, ആട് തുടങ്ങി ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം അഥവ വായ്പുണ്ണ്. രോഗം ബാധിക്കുന്ന മൃഗങ്ങളിൽ പാൽ ഉത്പാദനം ഭാഗികമായോ പൂർണമായോ ഇല്ലാതാകാനും ഗർഭധാരണശേഷി കുറയാനും കാരണമാകും. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെ ക്ഷീരകർഷകർക്ക് ആശ്വാസം പകരുന്ന ഗോരക്ഷ പദ്ധതിയുടെ നടത്തിപ്പിന് കർഷകരും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ട് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജിജിമോൻ ജോസഫ് അറിയിച്ചു.
രോഗകാരണങ്ങൾ
'പിക്കൊർണോ' ഇനത്തിൽപ്പെട്ട ഒരിനം വൈറസാണ് രോഗകാരണം. ഇംഗ്ലീഷിൽ ഈ രോഗത്തിന് 'ഫൂട്ട് ആന്റ് മൗത്ത് ഡിസീസ്' ( Foot-and-mouth disease) എന്നാണ് പറയുന്നത്. കുളമ്പുകൾക്കിടയിൽ വ്രണമുണ്ടാകുമ്പോൾ വേദനസഹിക്കാനാവാതെ നക്കുന്നതിനാൽ മൃഗങ്ങളുടെ വായിലും അണുബാധയ്ക്ക് കാരണമാകും. രോഗബാധയുള്ള മൃഗങ്ങളുമായോ അവയുടെ വിസർജ്യവസ്തുക്കൾ, മാംസം, സ്രവങ്ങൾ, പാൽ തുടങ്ങിയവയുമായോ ഉള്ള സമ്പർക്കം മൂലവും രോഗം പകരാനിടയാക്കും. പുല്ല്, വൈക്കോൽ, തൊഴുത്തിലെ മറ്റു വസ്തുക്കൾ തുടങ്ങി പാൽപ്പാത്രങ്ങളിലൂടെ വരെ വൈറസ് മറ്റു മൃഗങ്ങളിലേക്ക് പകരും. വാഹനങ്ങൾ, പട്ടി, പൂച്ച തുടങ്ങിയവയും മനുഷ്യരും വൈറസിന്റെ വാഹകരാകാറുണ്ട്. രോഗബാധ കഴിഞ്ഞ് ഒരുമാസത്തിനുശേഷവും രോഗം പടരാൻ സാധ്യതയുണ്ട്. രോഗം മാറിയ പശുവിന്റെ ശരീരത്തിൽ നിന്ന് ഒരു മാസത്തിനു ശേഷവും ഈ വൈറസുകൾ പുറത്തുവന്നു കൊണ്ടിരിക്കും.
രോഗലക്ഷണങ്ങൾ
* ശക്തമായ പനി
* നാക്ക്, മോണ എന്നിവിടങ്ങളിൽ ദ്രാവകം നിറഞ്ഞ കുമിളകൾ. ഇവ പിന്നീട് വ്രണങ്ങളാകുന്നു.
*വായിൽ നിന്ന് ഉമിനീർ ഒലിക്കുന്നു, തീറ്റ തിന്നാൻ മടി.
* കുളമ്പുകൾക്കിടയിലൽ വ്രണങ്ങൾ. ഇതിൽ ഈച്ച മുട്ടയിട്ട് പുഴുക്കളാകാൻ സാദ്ധ്യതയുണ്ട്.
* കുളമ്പ് ഇളകിപ്പോകാൻ സാധ്യതയുണ്ട്.
* അകിടിലും വ്രണങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.
* ചുണ്ടുകൾ അനക്കിക്കൊണ്ടിരിക്കുക, മുടന്തുണ്ടാകുക, ഗർഭം അലസുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കും.
ചികിത്സ
വൈറസ് രോഗമായതിനാൽ ഫലപ്രദമായ ചികിത്സയില്ല. പ്രതിരോധ കുത്തിവെയ്പ് എടുക്കുക മാത്രമാണ് പരിഹാരം. മുഴുവൻ കന്നുകാലികളെയും കുത്തിവെയ്പിന് വിധേയമാക്കിയാൽ കേരളം സമ്പൂർണ കുളമ്പുരോഗ നിയന്ത്രിത മേഖലയാകും. നിലവിലുള്ല എല്ലാ മൃഗങ്ങളെയും ആറ് മാസത്തിലൊരിക്കൽ നിർബന്ധിതമായും കുത്തിവെയ്പിന് വിധേയമാക്കണം. അതത് പഞ്ചായത്തിലെ വെറ്ററിനറി സർജന്മാർക്കാണ് ഇതിന്റെ മേൽനോട്ട ചുമതല. വാക്സിനേഷൻ സ്ക്വാഡുകൾ വീടുകളിൽ എത്തിയും കുത്തിവെയ്പ്പ് എടുക്കും. പശു, കാള, പോത്ത്, എരുമ, പന്നി എന്നിവയ്ക്ക് 10 രൂപ നിരക്കിൽ കർഷകരിൽ നിന്ന് ഫീസ് ഈടാക്കും.
ഇടുക്കിയിൽ 2012 സെൻസസ് പ്രകാരം 90074 പശുക്കളും 5690 എരുമകളും 11696 പന്നികളും ഉൾപ്പെടെ കുളമ്പുരോഗ സാധ്യതയുള്ള 107460 വളർത്തുമൃഗങ്ങളാണുള്ളത്.
വന്യജീവി സമ്പത്തിനും ഭീഷണി
ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് കുളമ്പുരോഗം പടർന്നാൽ വന്യജീവി സമ്പത്തിനും കനത്ത ഭീഷണിയാകും. വനാതിർത്തി പങ്കിടുന്ന കാർഷികമേഖലയിൽ മാൻ, കാട്ടുപോത്ത്, കേഴ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ സജീവ സാന്നിദ്ധ്യമുണ്ട്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ വൈറസ് ബാധയുമായി കാട്ടിലേക്ക് തിരികെ പോകുമ്പോൾ മറ്റ് മൃഗങ്ങളിലേക്കും രോഗം പടരാൻ ഇടയാക്കും.