കട്ടപ്പന: എസ്.എൻ.ഡി.പി യോഗം തുളസിപ്പാറ ശാഖയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവവും ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവവും 17 മുതൽ 21 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ പി.ആർ. സുധാകരൻ, കെ.വി. സാബു, സി.ആർ. ഷാജി എന്നിവർ അറിയിച്ചു. 17ന് വൈകിട്ട് ആറിനും 6.30നും ഇടയിൽ ക്ഷേത്രം തന്ത്രി കുമാരൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ടി.വി. രതീഷ് ശാന്തി, വി.വി. മോഹനൻ ശാന്തി, കെ.ആർ. മോഹനൻ ശാന്തി എന്നിവരുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ് കർമ്മം നടക്കും. 18ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടക്കും. ഉച്ചയ്ക്ക് 12ന് കലശാഭിഷേകവും വിശേഷാൽ പൂജയും നടക്കും. 19ന് പതിവ് ക്ഷേത്ര പൂജകൾക്കും ദീപാരാധനക്കും ശേഷം ഏഴിന് പുഷ്പാഭിഷേകം നടക്കും. 20ന് വൈകിട്ട് ആറിന് ഇരട്ടയാർ ശ്രീ വിനായക ഭജനമന്ദിരത്തിൽ നിന്ന് ക്ഷേത്രാംഗണത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും തുടർന്ന് ഹിഡുംബൻ പൂജയും വിവിധ കലാപരിപാടികളും നടക്കും. രാത്രി 12ന് പള്ളിവേട്ട പുറപ്പാടും 12.30ന് പള്ളിവേട്ടയും നടക്കും. 21ന് രാവിലെ ഒമ്പതിന് കാവടി ഘോഷയാത്രയും വൈകിട്ട് 6.30ന് ആറാട്ടും തുടർന്ന് 9.30ന് തീരുവാതിരയും 10.30 മുതൽ ഗാനമേളയും നടക്കും.