പീരുമേട്: രണ്ട് ദിവസമായി ജനവാസ മേഖലയിൽ കാട്ടാന കൂട്ടം കൂട്ടമായെത്തി കൃഷിയിടം നശിപ്പിക്കുന്നു. അഴുതയാറിന് സമീപത്തും പീരുമേട് എൽ.പി സ്‌കൂളിന് സമീപത്തുമാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. പടക്കം പൊട്ടിച്ച് പ്രതിരോധിക്കാനുള്ള വനംവകുപ്പ് ശ്രമം പാളിയതോടെയാണ് വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത്. ചീരക്കാലായിൽ മോളി, സമീപവാസികളായ സുരേഷ്, ലത്തീഫ് എന്നിവരുടെ കൃഷിയിടത്തിലാണ് ആനയിറങ്ങി കൃഷി നശിപ്പിച്ചത്. തോട്ടത്തിലുണ്ടായിരുന്ന ഏലം, കവുങ്ങ് എന്നിവ നശിപ്പിച്ചു. പെരിയാർ കടുവാ സങ്കേതം ഉൾപ്പെട്ട മുറിഞ്ഞപുഴ വനത്തിൽ നിന്നുമാണ് ആനയിറങ്ങിയത്. പരുന്തൻപാറ ഭാഗത്തെ കാടുകളിൽ കാട്ടുതീ അണയാത്തതിനാൽ ആനയ്ക്ക് കാട്ടിലേയ്ക്ക് തിരിച്ചു പോവാനും കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികൾ ചേർന്ന് ആനയെ തുരത്തിയോടിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ ജനങ്ങളുടെ ജീവന് തന്നെ ആനകൾ ഭീഷണിയായിരിക്കുകയാണ്. അറിയിച്ചിട്ടും സ്ഥലത്ത് വനപാലകർ എത്തിയില്ലെന്നും നാട്ടുകാർ പറയുന്നു. കൂട്ടത്തോടെ ആനകൾ എത്തിയത് നാട്ടുകാർ വിവരം അറിയിച്ചിട്ടും വനപാലകർ എത്താതായതോടെ പീരുമേട് ഒന്നാം ക്ലാസ് മജിസട്രേറ്റ് കൃഷ്ണനുണ്ണിയെ വിവരം ധരിപ്പിച്ചു. തുടർന്ന് മജിസ്ട്രേറ്റ് വിളിച്ചറിയച്ചതോടെയാണ് വനപാലകർ എത്തിയത്. വനംവകുപ്പിന്റെ ദ്രുത കർമ്മ സേനാ വിഭാഗം പുല്ലുമേട് ചുമതലയിലായതിനാൽ സ്ഥലത്തില്ലാത്തതിനാലാണ് സംഭവസ്ഥലത്ത് എത്താൻ കഴിയാത്തതെന്നാണ് വനം വകുപ്പ് മറുപടി.