തൊടുപുഴ: അഴിമതിക്കാരെ സംരക്ഷിക്കുന്ന ഒരു സർക്കാർ ഇവിടെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജിലൻസ് ആന്റ് ആന്റീകറപ്‌ഷൻ ബ്യൂറോ ഇടുക്കി ജില്ലാ യൂണീറ്റിന്റെ ആസ്ഥാന മന്ദിരം മുട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന ഒരു സർക്കാരാണ് ഇവിടെയുള്ളത്. വിജിലൻസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയാണ് സർക്കാർ നൽകുന്നത്. വിജിലൻസ് നടപടികൾ സ്വീകരിക്കുമ്പോൾ അത് നമ്മുടെ ആളാണെന്ന് പറഞ്ഞ് വിജിലൻസിന്റ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം. മണി മണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോയ്‌സ് ജോർജ് എം.പി, വിജിലൻസ് ആൻഡ് ആന്റീ കറപ്‌ഷൻ ബ്യൂറോ ഡയറക്ടർ ഡി.ജി.പി ബി.എസ്. മുഹമ്മദ്‌ യാസീൻ, ഐ.ജി. എച്ച്. വെങ്കിടേഷ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ബ്ലോക്ക് മെമ്പർ അന്നമ്മ ചെറിയാൻ, പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനിയർ സൈജാമോൾ. എൻ, വാർഡ് മെമ്പർ ഔസേപ്പച്ചൻ ചരക്കുന്നത് എന്നിവർ സംസാരിച്ചു.