തൊടുപുഴ: രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ സംവിധാനങ്ങളും തകർത്ത് തരിപ്പണമാക്കുന്ന ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശരിയായ ഇടുപക്ഷ ബദൽ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് ജില്ലാ കമ്മറ്റി തൊടുപുഴയിൽ നടത്തിയ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങൾ രാജ്യത്ത വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. അതിനുപുറമേ സന്പദ്ഘടനയെ നിയന്ത്രിക്കുന്ന റിസർവ് ബാങ്കും ഏറ്റവും വലിയ കുറ്റാന്വേഷണ സംവിധാനമായ സി.ബി.ഐയും സുപ്രീം കോടതിയും വരെ തങ്ങളുടെ വരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. അത്തരമൊരു സർക്കാരിന് ഒരു കാരണവശാലും തുടരാനാവില്ല. അഞ്ച് വർഷക്കാലം നാടിനെ തകർക്കുന്ന സമീപനം സ്വീകരിച്ചവർ ഇനിയുമൊരു അഞ്ചുവർഷക്കാലം കൂടി അധികാരത്തിലെത്തിയാൽ രാജ്യം ഇല്ലാതാകുമെന്നാണ് അർത്ഥം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഗോമാതാ, അയോദ്ധ്യാ പ്രശ്നങ്ങളിലെല്ലാം കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സമീപനമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ ബഥൽ നയമാണ് ഇനി ആവശ്യം. അത്തരമൊരു ബഥലിനും മതനിരപേക്ഷതയുടെ കാവലാളാകാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ കഴിയു.

ജനങ്ങൾ ഈ കാര്യത്തിൽ നല്ല തിരിച്ചറിവുള്ളവരാണ്. തങ്ങളുടെ ഉരുക്കുകോട്ട എന്ന് ബി.ജെ.പി തന്നെ കരുതിയിരുന്ന രാജസ്ഥാനും മദ്ധ്യപ്രദേശും തകർന്നടിഞ്ഞത് രാജ്യത്തെ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നവകേരള സൃഷ്ടിയാണ് നമ്മുടെ ലക്ഷ്യം. പ്രളയം തകർത്ത നഷ്ടങ്ങളിൽ നിന്ന് നമുക്ക് കരകയറേണ്ടതുണ്ട്. പുതുതായി സൃഷ്ടിക്കുക എന്നുപറയുമ്പോൾ തകർന്നുപോയതൊക്കെ അതേപടി പുനഃസ്ഥാപിക്കുക എന്നതല്ല. ഇനിയുമൊരു ദുരന്തമുണ്ടായാൽ അതിജീവിക്കാനാകുന്ന നിർമ്മിതിയാണ് ആവശ്യം. അതിന് ധാരളം പണം ആവശ്യമുണ്ട്. ഈ കാര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു മാത്രമല്ല, കേരളത്തെ ഏതെല്ലാം തരത്തിൽ വിഷമിപ്പിക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയും നരേന്ദ്രമോദിയുടെ സർക്കാരും നോക്കുന്നത്. പ്രളയത്തിൽ നിന്ന് കരകയറാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനിടെ ശബരിമലയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു. നമുക്ക് അർഹമായതുപോലും ലഭിക്കുന്നില്ല. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ട് അനുവദിച്ചില്ല. ലോകബാങ്കിൽ നിന്ന് വായ്പ എടുക്കാൻ അനുമതി ലഭിച്ചില്ല. വിദേശരാജ്യങ്ങളുടെ സഹായവും വിദേശമലയാളികളുടെ സഹായവും കൈപ്പറ്റാൻ അനുമതി നൽകിയില്ല. കേരളത്തിൽ വികസനങ്ങളൊന്നും ഒന്നും നടക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാതി. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മുൻ സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ് ലൈൻ, ദേശിയ പാതവികസനം, കൂടംകുളം വൈദ്യുതി ലൈനുമെല്ലാം പുനരാരംഭിച്ചു. പ്രളയം ഉണ്ടായില്ലായിരുന്നെങ്കിൽ പൈപ്പ് ലൈൻ പദ്ധതി ഇപ്പോൾ പൂർത്തിയാകുമായിരുന്നു. മുടങ്ങിക്കിടന്ന പദ്ധതികളൊക്കെ യാഥാർത്ഥ്യമാക്കിയിട്ടും കേരളത്തിന് അർഹതപ്പെട്ട കോച്ചുഫാക്ടറിയും എയ്സും അനുവദിക്കുന്നതിൽ കേന്ദ്രം ശത്രുതാമനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.