ഇടുക്കി: സാമൂഹ്യ സുരക്ഷാമിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പ്രോജക്ടിൽ ജില്ലയിൽ മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 39,500 രൂപ. താത്പര്യമുള്ളവർ 16ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ വയോമിത്രം പ്രോജക്ട് ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. വിവരങ്ങൾക്ക് ഫോൺ: 9072302562, 9387388889.
പട്ടയമേള: പീരുമേട് താലൂക്കിൽ യോഗം 16ന്
ഇടുക്കി: പീരുമേട് താലൂക്കിലെ പട്ടയമേളയോടനുബന്ധിച്ച് സ്വാഗത സംഘം കമ്മിറ്റിയുടെ യോഗം 16ന് രാവിലെ 11ന് താലൂക്ക് ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസീൽദാർ അറിയിച്ചു.
പരാതി പരിഹാര അദാലത്ത്
ഇടുക്കി: സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്ര വർഗ്ഗ കമ്മിഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലയിൽ 22നും 24നും പരാതി പരിഹാര അദാലത്ത് നടത്തുന്നു. 22ന് മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 24ന് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പീരുമേട്ടിലും അദാലത്ത് നടത്തും. കമ്മീഷൻ ചെയർമാൻ മാവോജി, മെമ്പർമാരായ മുൻ എം.പി അജയകുമാർ എസ്, അഡ്വ. സിജ പി.ജെ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും.