തൊടുപുഴ: സമാധാനപരമായി സുപ്രീംകോടതി വിധി നടപ്പിലാക്കുകയും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തത് ഇടതുപക്ഷ മുന്നണി സർക്കാരിന്റെ വിജയമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 60 ദിവസവും ശബരിമല തീർത്ഥാടനം സമാധാനപരമായിരുന്നു. ഒരുലാത്തിച്ചാർജോ രക്തച്ചൊരിച്ചിലോ വെടിവെയ്പ്പോ ഒന്നുമുണ്ടായില്ല. സുപ്രീംകോടതി വിധിയുടെ മറവിൽ ബി.ജെ.പി സംഘപരിവാർ ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സർക്കാരിന്റെ നയപരമായി ഇടപെടലിലൂടെ സമാധാനപരമായി തീർത്ഥാടനകാലം പൂർത്തിയാക്കുന്നത്. മകരവിളക്ക് മഹോത്സവവും തികച്ചും സമാധാനപരമായി സമാപിച്ചു. ശബരിമലയുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചവരുടെ ലക്ഷ്യം വേറെയായിരുന്നു. ക്രമസമാധാനനില തകർത്ത് സർക്കാരിനെ പിരിച്ചുവിടുക എന്നതായിരുന്നു അവരുടെ അജണ്ട. എന്നാൽ പിരിച്ചുവിട്ടാൽ തിരിച്ചിരുത്താൻ നാട്ടിൽ കോടതികളുണ്ടെന്ന കാര്യം ബി.ജെ.പി ഓർക്കണം. മാത്രമല്ല പിരിച്ചുവിട്ടാലും തിരിച്ചുവരാൻ ശേഷിയുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. അത്തരമൊരു ചരിത്രം കേരളത്തിലുണ്ട്. ചരിത്രം സൃഷ്ടിക്കാത്തവരും ചരിത്രത്തിന്റെ ഭാഗമാകാത്തവരുമായ ബി.ജെ.പിക്ക് ഇതൊന്നും മനസിലാകില്ലെങ്കിലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ആ തിരിച്ചറിവുണ്ടെന്നതിന്റെ തെളിവായിരുന്നു ലക്ഷക്കണക്കിന് സ്ത്രീകൾ അണിനിരന്ന മനുഷ്യമതിലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് തൊടുപുഴയിൽ സംഘടിപ്പിച്ച നയവിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണി കൺവീനർ കെ.കെ. ശിവരാമൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എം.എം. മണി, മുന്നണിയിലെ വിവിധ ഘടകക്ഷിനേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പഴയ മുനിസിപ്പൽ മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.