പുല്ലുമേട്: കനത്ത മൂടൽ കാരണ നിറഞ്ഞ ഭക്തിയിൽ മല കയറി എത്തിയ ആയിരങ്ങൾക്ക് പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാനായില്ല. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതായി ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് ലഭിച്ചെങ്കിലും കനത്ത മൂടൽ മഞ്ഞു അയ്യപ്പഭക്തരെ നിരാശയിലാക്കി. സന്നിധാനവും പൊന്നമ്പലമേടും ഒരു പോലെ കാണാവുന്ന പുല്ലുമേട്ടിൽ ആയിരങ്ങളാണ് മകരവിളക്ക് ദർശിക്കാൻ എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആയിരകണക്കിന് അയ്യപ്പഭക്തരുടെ കുറവുണ്ട്. ഇത്തവണ 4126 പേരാണ് പുല്ലുമേട്ടിൽ എത്തിയതായാണ് വനം വകുപ്പ് നൽകുന്ന ഔദ്യോഗിക കണക്ക്.
സത്രം വഴിയായി 1666 പേരും ശബരിമല തീർത്ഥാടനം കഴിഞ്ഞ്
സന്നിധാനം വഴി 1499 പേരും കോഴിക്കാനം വഴി 961 പേരും മകരവിളക്ക് ദർശിക്കാൻ എത്തിയതായാണ് വനം വകുപ്പ് നൽകുന്ന കണക്കുകൾ. കഴിഞ്ഞ വർഷം 7406 പേരാണ് പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിനായി എത്തിയത്. വിശാലമായ പുല്ലുമേട്ടിലെ കുന്നുകളിൽ തിങ്കളാഴ്ച രാവിലെ മുതൽ അയ്യപ്പഭക്തർ എത്തി തുടങ്ങിയിരുന്നു. മകരവിളക്ക് ദർശനത്തിനായി ശബരിമല സന്നിധാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ എത്തുന്നത് പുല്ലുമേട്ടിലാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പ്രദേശവാസികളും പുല്ലുമേട്ടിൽ എത്തിയിരുന്നു. വണ്ടിപ്പെരിയാറ്റിൽ നിന്ന് രാവിലെ മുതൽ 60 കെ.എസ്.ആർ.ടി.സി ബസുകളാണ് സർവീസ് നടത്തിയത്. ഇത് കൂടാതെ സത്രത്തിൽ നിന്നും കാൽനടയായി അയ്യപ്പഭക്തർ പുല്ലുമേട്ടിൽ എത്തി. തണുപ്പും കാറ്റും വകവെയ്ക്കാതെ കുന്നിൻ ചെരുവുകളിൽ ചെറിയ വിരികൾ ഒരുക്കി ശരണം വിളിച്ച് ഭജന പാടിയും നിലയുറപ്പിച്ചു. പൊന്നമ്പലമേട്ടിൽ ആദ്യത്തെ ദീപം തെളിഞ്ഞതായി അറിയിപ്പ് ലഭിച്ചതോടെ ശരണം വിളികൾ ഉച്ചത്തിലായി. വിരികളിൽ കാത്തിരുന്ന അയ്യപ്പഭക്തർ കർപ്പൂരം കൊളുത്തി എഴുന്നേറ്റു. മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്ടിൽ വിപുലമായ സൗകര്യങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്. മകരവിളക്ക് ദർശിക്കുന്നതിനായി എത്തിയവർക്ക് ഉച്ചഭാഷിണിയിലൂടെ വിവിധ ഭാഷകളിലായി നിർദേശം നൽകി. മകര ജ്യേതി ദർശനം കഴിഞ്ഞ് തിരികെ കോഴിക്കാനം വഴിമാത്രമായിരുന്നു സജീകരിച്ചിരുന്നത്.
ജില്ലാ കളക്ടർ കെ.ജീവൻ ബാബു ,അഡീഷണൽ ജില്ലാ പോലീസ് മേധാവി എം.ഇക്ബാൽ , വിവിധ വകുപ്പുമേധാവികൾ നിലയുറപ്പിച്ചിരുന്നു.
പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും മകരവിളക്ക് ദർശിച്ചു
പീരുമേട്: അന്യസംസ്ഥാന തീർത്ഥാടകരും പ്രദേശവാസികളുമടക്കം നൂറുകണക്കിനു പേരാണ് പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും മകരവിളക്ക് ദർശിക്കാനെത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ വിനോദ സഞ്ചാരികളും പ്രദേശവാസികളും പരുന്തുംപാറയുടെയും പാഞ്ചാലിമേടിന്റെയും മലനിരകൾ കീഴടക്കി. പഞ്ചായത്തും വിവിധ വകുപ്പുകളും ചേർന്ന് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പൊലീസ് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളും മികച്ചതായിരുന്നു. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ പ്രാർത്ഥനാമുഖരിതരായി. ശരണം വിളിച്ചും അയ്യപ്പാ സ്തുതി ഗീതങ്ങൾ പാടിയും കർപ്പൂര ജ്യോതി തെളിയിച്ചും ഭക്തർ മകരജ്യോതി ദർശനം ആഘോഷമാക്കി. മകരവിളക്ക് ദർശനത്തിനെത്തിയവർക്ക് വിപുലമായ സൗകര്യങ്ങളാണ് ജില്ലാ ഭരണകൂടം പഞ്ചായത്ത് വഴി ഒരുക്കിയത്. ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, പൊലീസ്, ഫയർ ഫോഴ്‌സ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥരും തീർത്ഥാടകർക്ക് സേവനുങ്ങളുയി സജ്ജമായിരുന്നു. പഞ്ചായത്ത് ഒരുക്കിയ തിരുവാഭരണയാത്രയെക്കുറിച്ചുള്ള തത്സമയ വിശദീകരണവും മറ്റു വിശദീകരണങ്ങളും തീർത്ഥാടകർക്ക് സഹായകമായി. പരുന്തുംപാറയിൽ അയ്യപ്പ സേവാ സംഘവും പാഞ്ചാലിമേട്ടിൽ ദേവസ്വം ബോർഡും അന്നദാനം ഒരുക്കിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകാരുടെ എണ്ണം കുറവായിരുന്നു.