പീരുമേട്: മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മലയരയ മഹാസഭ പഞ്ചാലിമേട്ടിൽ പ്രതീകാത്മക ജ്യോതി തെളിയിച്ചു. പഞ്ചപാണ്ഡവർ വിശ്രമിച്ച ചരിത്രപ്രാധാന്യമുള്ള പാഞ്ചാലി മേട്ടിൽ പ്രതികാത്മക മകരവിളക്ക് തെളിച്ചാണ് അഖില തിരുവിതാംകൂർ മലയരയ മഹാസഭ പ്രതിഷേധിച്ചത്. ശബരിമലയിൽ നിലനിന്നിരുന്ന ഗോത്രാചാരങ്ങളും അനുഷ്ഠാനങ്ങളും ദേവസ്വം ബോർഡിന്റെ കടന്നുവരവോടെ ഹനിക്കപ്പെടുകയായിരുന്നെന്നും അവകാശങ്ങൾ തിരികെ ലഭിക്കുന്നതിന് സർക്കാരുമായും ദേവസ്വം പ്രസിഡന്റുമായും ചർച്ച നടത്തിയെന്ന് പരിപാടികൾക്ക് നേതൃത്വം നൽകിയ സഭയുടെ സംസ്ഥാന പ്രസിഡന്റ് സി.കെ. ശശിധരൻ പറഞ്ഞു. നൂറു കണക്കിന് സമുദായ അംഗങ്ങൾ ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.