തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അദ്ധ്യാപികയെ സ്ഥലം മാറ്റിയ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്ത്. അരിക്കുഴ ഗവ. ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപികയെ മാറ്റിയതിനെതിരെയാണ് സ്കൂൾ പി.ടി.എയും വിദ്യാർത്ഥികളും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്. തിങ്കളാഴ്ച തൊടുപുഴയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടാണ് വിദ്യാർത്ഥികൾ നിവേദനം നൽകിയത്. വിദ്യാർത്ഥികൾക്ക് പൊതുവെ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിലൊന്നാണ് കണക്ക്. അത് നന്നായി പഠിപ്പിച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നോടിയായി റിവിഷൻ നടത്തിക്കൊണ്ടിരിക്കെയാണ് അദ്ധ്യാപികയെ അപ്രതീക്ഷിതമായി സ്ഥലം മാറ്റിയത്. പുതുതായി വന്ന അദ്ധ്യാപികയോട് വിരോധമുണ്ടായിട്ടല്ല, നന്നായി പഠിപ്പിച്ച ടീച്ചർ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മാറിപ്പോയാൽ അത് തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഭരണാനുകൂല അദ്ധ്യാപക സംഘടനാ നേതാക്കളുടെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്നും ആരോപണമുണ്ട്. സ്ഥലം മാറ്റപ്പെട്ട അദ്ധ്യാപികയും ഇതേ സംഘടനയിൽ അംഗമാണെങ്കിലും വാഗമണ്ണിൽ ജോലിചെയ്യുന്ന ഒരു അദ്ധ്യാപികയ്ക്ക് മൂലമറ്റത്ത് നിയമനം നൽകാൻ വേണ്ടിയാണ് നേതാക്കൾ ഇടപെട്ടതെന്നാണ് ആക്ഷേപം. മൂലമറ്റത്തെ നിലവിലുള്ള അദ്ധ്യാപികയെ അരിക്കുഴയിലേക്കും അരിക്കുഴയിലെ അദ്ധ്യാപികയെ കാഞ്ഞിരമറ്റത്തേക്കുമാണ് മാറ്റിയത്. വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100 ശതമാനം വിജയം കൈവരിക്കുന്ന അപൂർവം സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് അരിക്കുഴ ഗവ. ഹൈസ്കൂൾ. മുൻകാലങ്ങളിൽ സർക്കാർ സ്കൂളിനെ അവജ്ഞയോടെ കണ്ടിരുന്നവർ പോലും നിലവാരം മെച്ചപ്പെട്ടതോടെ തങ്ങളുടെ മക്കളെ ഇവിടെ ചേർക്കാൻ മത്സരിക്കുകയാണ്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ അടിത്തറയിളകിയ സ്വകാര്യ സ്കൂൾ ലോബിയുടെ ഇടപെടലും അദ്ധ്യാപികയുടെ അസമയത്തെ സ്ഥലംമാറ്റത്തിന് പിന്നിലുണ്ടെന്ന് ചില രക്ഷിതാക്കൾ ആരോപിച്ചു. പരീക്ഷ അടുത്തസമയത്ത് അദ്ധ്യാപികയെ മാറ്റിയാൽ അത് എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ പ്രതിഫലിക്കും. അതിലൂടെ സ്കൂളിന്റെ യശസ് തകരുമെന്നും രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. സ്ഥലം മാറ്റിയ അദ്ധ്യാപികയെ ഈ അദ്ധ്യയന വർഷം കഴിയുന്നതുവരെയെങ്കിലും അരിക്കുഴ സ്കൂളിൽ തുടരാൻ അനുവദിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.