ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് 80 ഡോക്ടർമാർ സമ്മതപത്രം നൽകിയതായി ജോയ്സ്‌ ജോർജ്ജ് എം.പി അറിയിച്ചു. 99 ഡോക്ടർമാരാണ് മെഡിക്കൽ കോളേജിന്റെ ആദ്യ വർഷത്തേയ്ക്ക് ആവശ്യമായിട്ടുള്ളത്. ബാക്കി വരുന്ന ഡോക്ടർമാരെകൂടി ഉടൻ നിയമിച്ച് സമ്മതപത്രം നൽകും. ജില്ലാ ആശുപത്രിയിൽജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 28ഡോക്ടർമാരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്നും ഇടുക്കിയിലേക്ക് നിയമിച്ചിട്ടുള്ള ഡോക്ടർമാരുമാണ് സമ്മതപത്രം നൽകിയത്. 80ൽ 50പേർ ബിരുദാനന്തര ബിരുദമുള്ള സ്‌പെഷ്യലിസ്റ്റ്‌ ഡോക്ടർമാരും 30പേർ ബിരുദധാരികളുമാണ്. 175 സ്റ്റാഫ് നഴ്സുമാരെയും 100 പാരാമെഡിക്കൽ ജീവനക്കാരെയും ഉടൻ നിയമിക്കും. 175 സ്റ്റാഫ് നഴ്സുമാരെ ആവശ്യമുള്ളതിൽ 60പേരെ ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി വിന്യസിപ്പിക്കുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവിയുമായി പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായി എം.പി പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശാനുസരണം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രണ്ട് ദിവസമായി ഇടുക്കിയിൽ ക്യാമ്പ് ചെയ്ത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അക്കാദമിക്‌ ബ്ലോക്കിന്റെ നിർമ്മാണം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. പുതിയതായി നിർമ്മിച്ച ആശുപത്രി സമുച്ചയത്തിലെ ഒന്നാം ബ്ലോക്കിൽ അത്യാഹിത വിഭാഗവും ഒ.പിയും ഫെബ്രുവരി 20നുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും എം.പി പറഞ്ഞു. 105 കോടി രൂപ ചിലവിലുള്ള മെഡിക്കൽകോളേജിന്റെ റസിഡൻഷ്യൽ കോംപ്ലക്സ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.