k
എസ്റ്റേറ്റിൽ നിന്നും കണ്ടെത്തിയ തോക്കുകൾ.

രാജാക്കാട്: ചിന്നക്കനാൽ നടുപ്പാറയിൽ തോട്ടം ഉടമ രാജേഷും ജോലിക്കാരൻ മുത്തയ്യയും കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ വയനാട്ടിലേയ്ക്ക് മുങ്ങിയതായാണ് മൊബൈൽ ടവർ ലൊക്കേഷനുകളിൽ നിന്ന് ലഭിക്കുന്ന സൂചനയെന്ന് പൊലീസ്. എസ്റ്റേറ്റിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ നിന്ന് ഇരട്ടക്കുഴൽ ഉൾപ്പെടെ രണ്ട് തോക്കുകൾ അന്വേഷണ സംഘം കണ്ടെത്തി.

എസ്റ്റേറ്റിൽ ഇവർ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച വൈകിട്ടോടെ പ്രധാന കെട്ടിടത്തിലെ മുറിയിലെ അലമാരയ്ക്ക് പിന്നിൽ ചാരിവച്ചിരുന്ന നിലയിലാണ് തോക്കുകൾ കണ്ടെത്തിയത്. എന്നാൽ ഇവ സമീപകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്തവിധം പൊടിയും മാറാലയും പിടിച്ച നിലയിലായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ചത് ഈ തോക്കുകൾ ആയിരിക്കില്ലെന്നും നീളം കുറഞ്ഞ മറ്റൊരു തോട്ടാക്കുഴൽ ആയിരിക്കുമെന്നും ഞായറാഴ്ച നടന്ന തിരച്ചിലിനിടെ ലഭിച്ച നീളം കുറഞ്ഞ ഉറ ആ തോക്കിന്റേതാകാനാണ് സാദ്ധ്യതയെന്നുമാണ് നിഗമനം. കണ്ടെത്തിയ തോക്കുകൾക്ക് ലൈസൻസ് ഉണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.

പൂപ്പാറ പ്രദേശത്ത് നടന്ന് കച്ചവടം ചെയ്യുന്ന ഒരാൾക്ക് മൂന്ന് ചാക്കുകളിലായി 134കിലോ ഉണങ്ങിയ ഏലക്ക ബോബിനും ഇസ്രബലും ചേർന്ന് വിറ്റതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജേഷിന്റെ ഡസ്റ്റർ കാറിൽ കയറ്റി ആയിരുന്നു കായ് കൊണ്ടുചെന്നത്. കാറിന്റെ സ്റ്റിയറിംഗ് വീലിലും ഉള്ളിലും കാണപ്പെട്ട ചോരപ്പാടുകൾ ബോബിന്റെ കൈയിലെ മുറിവിൽ നിന്ന് പുരണ്ടതാണെന്നാണ് നിഗമനം. ഇയാളുടെ കൈയിലെ മുറിവിന് 11 സ്റ്റിച്ചുകളുണ്ട്. എസ്.ഐ കെ.പി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇക്കാര്യം ആശുപത്രി അധികൃതരിൽ നിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിയ്ക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. കൊല്ലപ്പെട്ട രാജേഷിന് ബോബിനെ പരിചയപ്പെടുത്തിക്കൊടുത്ത രാജകുമാരിക്കാരനായ ബേസിൽ എന്നയാളെ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. താനും രാജേഷും പരിചയക്കാരാണെന്നും അത്യാവശ്യമായി ഒരാളെ ജോലിക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ബോബിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ആവശ്യമായി വന്നാൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി വേണുഗോപാൽ, മൂന്നാർ ഡി.വൈ.എസ്.പി സുനീഷ്‌കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ശാന്തൻപാറ സി.ഐ എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. എസ്.ഐമാരായ ബി. വിനോദ് കുമാർ, കെ.പി. രാധാകൃഷ്ണൻ, പി.ഡി. അനൂപ്‌മോൻ എന്നിവർ ഉൾപ്പെട്ട രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ച് വിവിധ സംഘങ്ങളായി പിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

എസ്രബേലിനെ പ്രതി ചേർത്തേക്കും
ബോബിനെ വീട്ടിൽ താമസിപ്പിച്ച ശാന്തമ്പാറ ചേരിയാർ നിവാസികളായ എസ്രബേലിനെയും ഭാര്യയെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലയാളിയെ സഹായിച്ചതിനും ഒളിച്ച് താമസിക്കാൻ ഇടം നൽകിയതിനും ഇസ്രബലിനെയും പ്രതി ചേർത്തേക്കുമെന്നാണ് സൂചന. ഇയാൾക്ക് കൊലയിൽ നേരിട്ട് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. കൊല നടത്തുന്നതിനിടെ ഇടത് കൈയിൽ സാരമായി മുറിവേറ്റിരുന്ന ബോബിൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ഇവരുടെ സഹായത്താലാണ്. ഡസ്റ്റർ കാർ രാജകുമാരി മുരിക്കുംതൊട്ടിയിലെ പള്ളി അങ്കണത്തിൽ കൊണ്ടുചെന്ന് ഇട്ടത് ഇസ്രബേലിന്റെ സഹായത്തോടെയാണ്. എസ്റ്റേറ്റിൽ നിന്ന് മോഷ്ടിച്ച മൂന്ന് ചാക്ക് ഏലക്കാ വ്യാപാരിയ്ക്ക് വിറ്റതും ഈ പണത്തിൽ നിന്ന് 25,​000 രൂപ തങ്ങൾക്ക് തന്നതായും ചോദ്യംചെയ്യലിൽ ഇരുവരും സമ്മതിച്ചിട്ടുണ്ട്. പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞിട്ടുമുണ്ട്.

മൊബൈൽ ലൊക്കേഷൻ നിർണ്ണായകമായി

കൊലയ്ക്ക് ശേഷം കാണാതായ ഡ്രൈവർ ബോബിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ചേരിയാറിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്. പിന്നീട് മൊബൈൽ ലൊക്കേഷൻ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് നീങ്ങി. ഞായറാഴ്ച കോഴിക്കോട് ഭാഗത്തെ ടവറുകളിൽ ലൊക്കേഷൻ കാണിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച്ഒഫായി. വയനാട് ഭാഗത്തേയ്ക്ക് ഇയാൾ നീങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പൊലീസ് അവിടേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിരിയ്ക്കുകയാണ്.