വണ്ടിപ്പെരിയാർ: വീട്ടമ്മയുടെ മൃദേഹം വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷത്തിൽ ആത്മഹത്യയാണെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച വൈകിട്ടാണ് വള്ളക്കടവ് പഞ്ചായത്ത് കോളനിയിൽ താമസിക്കുന്ന നിരപ്പേൽ വീട്ടിൽ ഓമനയുടെ (65) മൃതദേഹം വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേൾവി ശക്തി കുറവായ ഓമന ജീവനൊടുക്കുന്നത് സംബന്ധിച്ച് സൂചന നൽകിയിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോട്ടയത്ത് നിന്ന് വിരലടയാള വിദഗ്ദ്ധരും ഇടുക്കിയിൽ നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകളെന്നും ലഭിച്ചില്ലെന്നാണ് സൂചന. മറ്റു സാധ്യതകളെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച കട്ടപ്പന ഡി.വൈ.എസ്.പി സി.എൻ. രാജ്‌മോഹൻ എത്തിയ ശേഷമാണ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. മരിച്ച ഓമനയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ തൂക്കം വരുന്ന സ്വർണ മാലയും വീട്ടിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും നഷ്ടപ്പെട്ടതായി ഇവരുടെ മകൾ പൊലീസിന് മൊഴി നൽകിയതും മുഖവിലയ്ക്കെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്ത് നിന്ന് സ്വർണത്തിന്റെ ആവശിഷ്ടങ്ങളും കണ്ടെത്തിയിയിട്ടുണ്ട്. മോഷണം സംബന്ധിച്ച് യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. പൊലീസ് നായ മണം പിടിച്ചു സമീപത്തെ ഏലത്തോട്ടത്തിലേക്ക് പോയി തിരികെ വീടിനു സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞു. പീരുമേട് സി.ഐ ഷിബുകുമാറിനാണ് അന്വേഷണ ചുമതല. കുമളി സി.ഐ വി.കെ. ജയപ്രകാശ്, വണ്ടിപ്പെരിയാർ എസ്.ഐ. സാഗർ എന്നിവരടങ്ങുന്ന സംഘവും സ്ഥലത്ത് എത്തി. നാലംഗ കുടുംബമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഓമനയുടെ മകൾ വിജിയും ഇവരുടെ രണ്ട് മക്കളുമാണ് താമസം. മക്കൾ രണ്ടു പേരും ജോലി ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്താണ്. വിജി ഏലത്തോട്ടത്തിൽ ജോലി ചെയ്താണ് ജീവിക്കുന്നത്.