ചെറുതോണി: കാർഷിക കടബാധ്യതമൂലം ആത്മഹത്യ ചെയ്ത മേരിഗിരി സ്വദേശി സന്തോഷിന്റെ കുടുംബത്തിന് റോഷി അഗസ്റ്റിൻ എം.എൽ.എയും വിദേശ മലയാളികളും ചേർന്ന് സ്വരൂപിച്ച വീട് പുനരുദ്ധാരണത്തിനുള്ള തുക കുടുംബത്തിന് നൽകി. കൂടാതെ സന്തോഷിന്റെ അഞ്ചുവയസുള്ള മകന്റെ മുഴുവൻ പഠന ചിലവും പ്രവാസി മലയാളി ജെയ്ബു കുളങ്ങര ഏറ്റെടുത്തു. ഒരു കുടുംബത്തെ അനാഥമാക്കിയത് കൂടാതെ വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയ ശേഷമാണ് കർഷകനായ മേരിഗിരി സ്വദേശി താന്നിക്കാട്ടു കാലായിൽ സന്തോഷ് ആത്മഹത്യ ചെയ്തത്. ബാങ്കുകാർ ജപ്തി ഭീക്ഷണിയുമായെത്തിയതോടെ ഗത്യന്തരമില്ലാതെയാണ് സന്തോഷ് മരണത്തിനു കീഴടങ്ങിയത്. കടബാധ്യത എത്രത്തോളമുണ്ടെന്ന് ഇനിയും വ്യക്തമല്ല. ധനകാര്യ സ്ഥാപനങ്ങളിൽ മാത്രം 25 ലക്ഷത്തോളം രൂപയാണ് ബാധ്യതയുള്ളത്. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ എം.എൽ.എ വീട് ചോർന്നൊലിക്കുന്നതാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വീട് പുനരുദ്ധാരണത്തിന് ഒരു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. പ്രവാസി കേരള കോൺഗ്രസ് പ്രസിഡന്റ് ജെയ്ബു കുളങ്ങരയുമായി എം.എൽ.എ ചർച്ച നടത്തുകയും പ്രവാസികളുടെ നേതൃത്വത്തിൽ പണം സന്തോഷിന്റെ വീട്ടിലെത്തി കുടുംബങ്ങൾക്ക് നൽകുകയും ചെയ്തു. കൂടാതെ സന്തോഷിന്റെ അഞ്ചുവയസുള്ള മകൻ റോമിയോ സന്തോഷിന്റെ മുഴുവൻ പഠന ചിലവും പ്രവാസി മലയാളികൾ ഏറ്റെടുത്തു. റോഷി അഗസ്റ്റിൻ എം.എൽ.എ, പ്രവാസി കേരള കോൺഗ്രസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, പീറ്റർ കുളങ്ങര, പോൾസൺ കുളങ്ങര, സണ്ണി കാരിക്കൽ, ജോസി ഏലൂർ, ഫാ. ജോസ് കൊച്ചുപുരയ്ക്കൽ, കാമാക്ഷി പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.ടി. അഗസ്റ്റിൻ തുടങ്ങിയവർ വീട്ടിൽ എത്തിയാണ് സഹായങ്ങൾ നൽകിയത്.