kk
കൃഷ്ണൻ

മറയൂർ: കാന്തല്ലൂർ കൊല്ലംപാറയിൽ സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദന റിസർവ്വിൽ നിന്നും ചന്ദനമരം വെട്ടി വിൽക്കുന്നതിനായി ചെത്തിയൊരുക്കവേ ഒരാൾ വനം വകുപ്പ് അധികൃതരുടെ പിടിയിലായി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കൊല്ലംപാറ സ്വദേശി കൃഷ്ണനാണ് (30) പിടിയിലായത്. രക്ഷപ്പെട്ടവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലംപാറയിൽ ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട വീട്ടിൽ ചന്ദനം മുറിക്കുന്നതായി രഹസ്യവിവരം ലഭിച്ച വനംവകുപ്പ് അധികൃതർ തിങ്കളാഴ്ച പുലർച്ചെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് ചെത്തിയൊരുക്കിയ 20 കിലോ ചന്ദനവും കണ്ടെടുത്തു. കാന്തല്ലൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.ജെ. ഗീവർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.ബി. രാമകൃഷ്ണൻ വി. സുരേന്ദ്രകുമാർ, ടോണി ജോൺ, ട്രൈബൽ വാച്ചർ എൻ. ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചന്ദന കടത്തിലെ പ്രധാനിയാണ് പിടിയിലായത്. മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗീവർ പറഞ്ഞു.