തൊടുപുഴ: പി.ജെ. ജോസഫ് എം.എൽ.എയ്ക്കെതിരെ തൊടുപുഴയിൽ നടത്തിയ പരിഹാസം മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേർന്നതല്ലെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കാലത്ത് തുടങ്ങിയ പദ്ധതികളാണ് കഴിഞ്ഞ 27 മാസമായി ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കുന്നതെന്ന ചിന്ത ഉദ്ഘാടകർക്കും അദ്ധ്യക്ഷന്മാർക്കും ഉണ്ടാകുന്നത് നല്ലതാണ്. തൊടുപുഴയിൽ ജില്ലാ ആശുപത്രിക്കും കരിമണ്ണൂർ പി.എച്ച്.സിക്കും മുട്ടം വിജിലൻസ് ഓഫീസിനുമൊക്കെ ഫണ്ട് അനുവദിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. 27 മാസമായി അധികാരത്തിലിരിക്കുന്ന സർക്കാരിന് സ്വന്തമായി ഒരു പദ്ധതി തുടക്കംകുറിച്ച് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും നടക്കുന്ന സ‌ർക്കാർ പരിപാടികളിൽ ജില്ലക്കാരനായ മന്ത്രി തന്നെ അദ്ധ്യക്ഷനാകണമെന്ന് വാശിപിടിക്കുന്നത് നല്ലതല്ല. മറ്റ് ജില്ലകളിലൊന്നും ഈ കീഴ്‌വഴക്കം പിന്തുടരുന്നതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.