തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളായ കസ്റ്റഡി മരണക്കേസിന്റെ വിചാരണവേളയിൽ പ്രധാന സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. വണ്ണപ്പുറം സ്വദേശി ബാബു തോമസ് മറയൂരിൽ വനംവകുപ്പിന്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ച കേസിൽ തൊടുപുഴ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചപ്പോഴാണ് എഫ്.ഐ.ആർ തയ്യാറാക്കിയ അന്നത്തെ പൊലീസ് എ.എസ്.ഐ കൂടിയായ സാക്ഷി കൂറുമാറിയത്. 2006 നവംബർ ആറിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അന്ന് മറയൂർ പൊലീസ് സ്റ്റേഷനിൽ ചുമതലക്കാരനായിരുന്ന എ.എസ്.ഐ പിന്നീട് സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. കേസിന്റെ അന്വേഷണ സമയത്ത് നൽകിയ മൊഴി വിചാരണവേളയിൽ മാറ്റി പറഞ്ഞതോടെ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിക്കുകയായിരുന്നു. കോടതിയിൽ കള്ളസാക്ഷി പറഞ്ഞതിന് ഇയാൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരായ 15 പേർ പ്രതികളായ കേസിൽ നൂറോളം സാക്ഷികളുണ്ട്. സാക്ഷികളിൽ ഏറെയും വനംവകുപ്പിലെ ജീവനക്കാരായതുകൊണ്ട് സമ്മർദ്ദം ചെലുത്തി കൂറുമാറ്റിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചു. അതുകൊണ്ട് കൊല്ലപ്പെട്ട ബാബുവിനൊപ്പം ഫോറസ്റ്റുകാർ കസ്റ്റഡിയിൽ എടുത്ത് ക്രൂരമർദ്ദനത്തിന് ഇരയാക്കിയ മറയൂർ പള്ളനാട് സ്വദേശി അന്തോണി, മറയൂരിലെ ഓട്ടോറിക്ഷ ഡ്രൈവർ ഗോപൻ,​ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന ഡ്രൈവർ അനിൽകുമാർ എന്നിവരെയും സാക്ഷികളായി വിസ്തരിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടോം ജോസഫ് ഹാജരായി.