ചെറുതോണി: സഹായം തേടി വിളിച്ച യുവാക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം മൂന്നാർ ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്. കുഞ്ചിതണ്ണി പൊട്ടൻകാടിലുള്ള ഹോം സ്റ്റേയിലെ റൂമാണ് യുവാക്കൾ 1800 രൂപ ഓയോ വഴി നൽകി ബുക്കുചെയ്തത്. എന്നാൽ റൂം നൽകാതെ ഹോം സ്റ്റേ അധികൃതർ എറണാകുളം സ്വദേശികളായ യുവാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ യുവാക്കൾ പൊലീസിന്റെ എമർജൻസി നമ്പറായ നൂറിൽ വിളിച്ചു. രാത്രി പത്തുമണി കഴിയുകയും മറ്റ് സൗകര്യങ്ങൾ ലഭിക്കാതാവുകയും ചെയ്തതോടെയാണ് യുവാക്കൾ 100 ൽ വിളിച്ച് പൊലീസിന്റെ സഹായം തേടിയത്. എന്നാൽ ആദ്യം ഫോണെടുത്ത പൊലീസ് ഉദ്യോഗസ്ഥൻ പരാതി കേട്ടശേഷം ഹോം സ്റ്റേയുടെ ഉടമയ്ക്ക് ഫോൺ നൽകുകയും ഇയാൾ വീണ്ടും ഇവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘത്തിലുള്ള കെ. മനീഷാണ് ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിയ്ക്കും പരാതി നൽകിയത്. മനീഷിനൊപ്പം ശ്രീകാന്ത്, അജിത്, പ്രജിത്ത്, ആദർശ് എന്നിവരുമുണ്ടായിരുന്നു. മൂന്നാർ മേഖലയിൽ പണം വാങ്ങിയശേഷം മുറി നൽകാതെ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പരാതിയുണ്ട്.