പീരുമേട്: മജിസ്‌ട്രേറ്റിന്റെ വീടിനു മുമ്പിൽ മദ്യപിച്ച ഡി.വൈ.എഫ്.ഐ നേതാവടക്കം നാലുപേർ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും പീരുമേട് ബ്ലോക്ക് സെക്രട്ടറിയും സി.പി.എം പീരുമേട് ഏരിയാ കമ്മറ്റിയംഗവുമായ വി. ഷൈജൻ (35),​ ഒപ്പമുണ്ടായിരുന്ന രാജേഷ് (28), റോബിൻ (32), രാഹുൽ (29) എന്നിവരെയാണ് പീരുമേട് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. പീരുമേട് ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നിലിരുന്നായിരുന്നു നാലംഘ സംഘത്തിന്റെ മദ്യപാനം. മജിസ്‌ട്രേറ്റ് മദ്യപാനം വിലക്കിയെങ്കിലും ഇതു കൂട്ടാക്കാതെ ഇവർ തട്ടി കയറുകയായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റ് പൊലിസിനെ വിവരം അറിയിച്ചു. പീരുമേട് എസ്.ഐ ആർ. രാജേഷും സംഘവും സ്ഥലത്തെത്തി നാലു പേരെയും പിടികൂടി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.