കട്ടപ്പന: ജില്ലയിലെ കർഷക ആത്മഹത്യകൾ തടയാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. യുവകർഷകൻ സന്തോഷിന്റെ ആത്മഹത്യ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്രാംകുടി കെ.എസ്.എഫ്.ഇ ശാഖയ്ക്ക് മുമ്പിൽ കർഷക ഫെഡറേഷൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലവർഷക്കെടുതിയെ തുടർന്ന് വിള നശിച്ചും വില ഇടിഞ്ഞും പലയിടത്തും ദുരിതത്തിലായ കർഷകരുടെ മേൽ ഉദ്യോഗസ്ഥർ നടത്തുന്ന ജപ്തി ഭീഷണിയാണ് ഒട്ടുമിക്ക ആത്മഹത്യകൾക്കും കാരണം. കഴിഞ്ഞ 16 മാസത്തിനുള്ളിൽ എട്ട് കർഷകർ ജില്ലയിൽ ആത്മഹത്യ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ബ്ലോക്ക് പ്രസിഡന്റ് ടോമി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി.
മകരവിളക്ക് സ്പെഷ്യൽ സർവീസിൽ കെ.എസ്.ആർ.ടി.സിയ്ക്ക് കളക്ഷൻ കുറവ്
വണ്ടിപ്പെരിയാർ: മകരവിളക്ക് ദിനത്തിൽ നടത്തിയ കുമളി- കോഴിക്കാനം സ്പെഷ്യൽ ബസ് സർവീസിൽ കെ.എസ്.ആർ.ടി.സിയ്ക്ക് മുൻ വർഷത്തേക്കാൾ കളക്ഷൻ കുറവ്. ഇത്തവണ 1,84,946 രൂപയാണ് സ്പെഷ്യൽ സർവീസ് നടത്തിയതിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു വരുമാനം. മകരവിളക്ക് ദിവസം രാവിലെ മുതൽ കുമളിയിൽ നിന്ന് സർവീസുകൾ ആരംഭിച്ചിരുന്നു. 60 ബസുകളായിരുന്നു സ്പെഷ്യൽ സർവീസിനായി ഉണ്ടായിരുന്നത്. തീർത്ഥാടകരുടെ തിരക്ക് കുറവായതിനാൽ മകരജ്യോതി ദർശനത്തിനുശേഷം കോഴിക്കാനത്ത് നിന്ന് 35 ബസുകളിൽ മാത്രമാണ് അയ്യപ്പഭക്തരെ ലഭിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ബാക്കിയുള്ള ബസുകൾ കാലിയായാണ് കുമളിയിലേക്ക് മടങ്ങിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ഭക്തർ ഇത്തവണ പുല്ലുമേട്ടിൽ എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും 4126 പേർ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം 7406 അയ്യപ്പഭക്തർ പുല്ലുമേട്ടിൽ എത്തിയിരുന്നു.
പരാതി പരിഹാര അദാലത്ത്
ഇടുക്കി: സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്ര വർഗ്ഗ കമ്മിഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലയിൽ 22നും 24നും പരാതി പരിഹാര അദാലത്ത് നടത്തുന്നു. 22ന് മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 24ന് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പീരുമേട്ടിലും അദാലത്ത് നടത്തും. കമ്മീഷൻ ചെയർമാൻ മാവോജി, മെമ്പർമാരായ മുൻ എം.പി അജയകുമാർ എസ്, അഡ്വ. സിജ പി.ജെ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും.