പീരുമേട്: അഴുത ബ്ലോക്കിൽ ഭരണം നിലനിറുത്താൻ 1999 മുതലാണ് ഇരു മുന്നണികളും തമ്മിൽ പരസ്പരം കാലുവാരൽ ആരംഭിച്ചത്. അന്ന് എട്ടംഗ സമിതിയിൽ ഇരു മുന്നണികൾക്കും നാല് വീതമായിരുന്നു അംഗങ്ങൾ ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെ സി.പി.ഐയിലെ ഇ.എസ്. ബിജിമോൾ പ്രസിഡന്റായി. ബിജിമോൾക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് അംഗം ബിജിമോൾക്ക് വോട്ട് ചെയ്ത് എൽ.ഡി.എഫ് ഭരണം നിലനിറുത്തി. 2003 ൽ ബ്ലോക്ക് പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണത്തിൽ പ്രസിഡന്റായിരുന്ന സി.പി.ഐയിലെ വി. തങ്കപ്പൻ മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും സ്ഥാനം ഒഴിയാതെ കോൺഗ്രസ് പിന്തുണയോടെ സ്ഥാനം നിലനിറുത്തി. ഈ കാലുമാറ്റം സൃഷ്ടിച്ച രാഷ്ട്രീയ വൈരാഗ്യം രണ്ട് കൊലപാതകങ്ങളിലാണ് കലാശിച്ചത്. സി.പി.എം പ്രവർത്തകനായ അയ്യപ്പദാസും പിന്നാലെ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന എം. ബാലുവും കൊല്ലപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിലും മുന്നണി ധാരണ പ്രകാരമായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ചുമതലകൾ. ഇതിനിടയിൽ ധാരണ തെറ്റിച്ചുകൊണ്ടാണ് ആർ.എസ്.പി അംഗവും കേരളാ കോൺഗ്രസ് അംഗവും എൽ.ഡി.എഫിനൊപ്പം ചേർന്ന് രണ്ടു വർഷത്തെ യു.ഡി.എഫ് ഭരണം അവസാനിപ്പിച്ചത്.