പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. മുൻ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതോടെയാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. യു.ഡി.എഫിന് വേണ്ടി ആലീസ് സണ്ണി പ്രസിഡന്റ് സ്ഥാനത്തേക്കും ഷാജി പൈനാനടത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കും. എൽ.ഡി.എഫ് ഇന്ന് രാവിലെ യോഗം ചേർന്ന ശേഷമേ മത്സരാർത്ഥിയെ പ്രഖ്യാപിക്കൂ. 13അംഗ ഭരണസമിതിയിൽ രണ്ടംഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആയോഗ്യരാക്കിയതോടെ യു.ഡി.എഫ് ആറും എൽ.ഡി.എഫ് അഞ്ചുമാണ് നിലവിലെ കക്ഷിനില. കഴിഞ്ഞ വർഷം എൽ.ഡി.എഫ് നൽകിയ അവിശ്വാസ നോട്ടീസിന് കേരളാ കോൺഗ്രസ്(എം) അംഗമായ ലിസിയാമ്മ ജോസ്, ആർ.എസ്.പി പ്രതിനിധിയും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുധാകരൻ നീലാംബരൻ എന്നിവർ പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് രണ്ടു വർഷത്തെ ഭരണം നഷ്ടമായത്. രണ്ട് അംഗങ്ങൾക്കും പാർട്ടി ജില്ലാ നേതൃത്വങ്ങൾ വിപ്പ് നൽകിയിരുന്നെങ്കിലും ഇത് ലംഘിച്ചാണ് ഇവർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. തുടർന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം ഇരുവരെയും അയോഗ്യരാക്കിയത്. ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്. പ്രസിഡന്റ് പദവി ആദ്യ രണ്ട് വർഷം കോൺഗ്രസിനും അടുത്ത ടേം കേരളാ കോൺഗ്രസിനും നൽകാനായിരുന്നു യു.ഡി.എഫ് ധാരണ. എന്നാൽ തർക്കം നിലനിൽക്കെയാണ് രണ്ട് അംഗങ്ങൾ എൽ.ഡി.എഫിനൊപ്പം ചേർന്നത്. അയോഗ്യരാക്കപ്പെട്ട രണ്ട് അംഗങ്ങളും ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.