തൊടുപുഴ: കൊട്ടക്കമ്പൂർ ഭൂമി കൈയ്യേറ്റ സംഭവത്തിൽ എം.പി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയാണെന്ന് പി.ടി. തോമസ് എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളുണ്ടെങ്കിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ ഒളിച്ചു കളിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇതിനോടകം മാറിമാറി വന്ന മൂന്നു സബ് കളക്ടർമാർ നോട്ടീസ് നൽകിയെങ്കിലും ഹാജരാകുവാൻ എം.പി. തയ്യാറായിട്ടില്ല. ഹാജരാകാതിരുന്നതിനു പുറമെ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ സബ് കളക്ടർ ഓഫീസിനു മുന്നിൽ രണ്ടു പ്രാവശ്യം സമരം നടത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു. സബ്‌കളക്ടർ ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ സി.പി.എം നേതൃത്വത്തിൽ നടത്തിയത് എം.പിയെ വഴിവിട്ട് സഹായിക്കുന്നതിനാണ്. അഞ്ച് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരിക്കുന്നത് പിടിക്കപ്പെടുമെന്ന ഭയം മൂലമാണ്. വസ്തുതകൾ മറിച്ചാണെങ്കിൽ രേഖകൾ ഹാജരാക്കി താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ എം.പി.യെ സ്‌നേഹപൂർവം ക്ഷണിക്കുകയാണെന്നും പി.ടി. തോമസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണി, കോൺഗ്രസ് നേതാക്കളായ ജോൺ നെടിയപാല, എൻഐ. ബെന്നി എന്നിവരും പങ്കെടുത്തു.