ചെറുതോണി: മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാത്ത പി.ജെ. ജോസഫ് എം.എൽ.എയുടെ നിലപാട് അദ്ദേഹത്തിന്‌ യോജിക്കാത്തതും ജില്ലയിലെ ജനങ്ങൾക്കാകെ അപമാനകരവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. സംസ്ഥാനത്തെ മുഖ്യമന്ത്രി നാട്ടിലെത്തുമ്പോൾ ഒരു ജനപ്രതിനിധിയിൽ നിന്നുണ്ടാകേണ്ട സാമാന്യ മര്യാദപോലും അനുഭവസമ്പത്തുള്ള അദ്ദേഹത്തിൽനിന്ന് ഉണ്ടാകാത്തത്‌ ഖേദകരമാണ്. മന്ത്രിയും എം.എൽ.എയും അല്ലാത്ത ഘട്ടത്തിലും മുതിർന്ന പൊതു പ്രവർത്തകൻ എന്ന നിലയിലുള്ള ആദരവും പരിഗണനയും ഇടതുപക്ഷ മുന്നണി എക്കാലവും നൽകിയിട്ടുണ്ട്. എന്നാൽ മറ്റെല്ലാ ജനപ്രതിനിധികൾക്കും മാതൃകയായി മാറേണ്ട പി.ജെ. ജോസഫ് അദ്ധ്യക്ഷ സ്ഥാനം കിട്ടിയാലേ പരിപാടിയിൽ പങ്കെടുക്കൂ എന്ന് വിലപേശുന്നത് അദ്ഭുതം ഉളവാക്കുന്നതാണ്. ഒന്നിലധികം മന്ത്രിമാർ ഒരു മീറ്റിംഗിൽ പങ്കെടുത്താൽ ഒരു മന്ത്രി അദ്ധ്യക്ഷനാവുകയെന്നത്‌ കേരളത്തിലുടനീളം അനുവർത്തിച്ചുവരുന്ന കാര്യമാണ്. ദീർഘകാലം മന്ത്രിയായിരുന്ന ജോസഫ് ഇതേ രീതി തുടർന്നുപോന്ന ആളുമാണ്. യു.ഡി.എഫ് ഭരണകാലം മുഴുവൻ ഇതേ രീതിയാണ് അനുവർത്തിച്ചത്. മലയോരമേഖലയിൽ നിന്ന് ഒരു മന്ത്രിയുണ്ടായത് ഉൾക്കൊള്ളാൻ കഴിയുന്ന മാനസികാവസ്ഥ ജോസഫിനുണ്ടാകണം. തൊടുപുഴയിൽ പ്രോട്ടോകോൾ പലവിധത്തിലാണ് ഉപയോഗിക്കുന്നത്. എന്നാൽ എൽ.ഡി.എഫ് ജനപ്രതിനിധികൾ ഒരിക്കൽ പോലും പി.ജെ. ജോസഫിനെതിരെയോ സംഘാടകർക്കെതിരെയോ എതിർപ്പുന്നയിക്കാതെ സഹകരിച്ചുപോവുകയാണ്‌ ചെയ്തിട്ടുള്ളത്. ജോസഫ് പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് മറ്റ് ജനപ്രതിനിധികൾ അകാരണമായി വിട്ടുനിന്നാൽ ഉണ്ടാകാവുന്ന സാഹചര്യം ജോസഫ് വിലയിരുത്തേണ്ടതാണ്. ജോസഫിനെ ന്യായീകരിക്കാനെത്തിയ കോൺഗ്രസ്‌ നേതാക്കൾ ഗ്യാലറിയിലിരുന്ന് കളികാണുന്നവരാണ്. അവർ മറുപടി അർഹിക്കുന്നില്ല. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുള്ള ജോസഫിന് സത്ബുദ്ധി ഉപദേശിച്ചു കൊടുക്കാനാണ് ഇവർ ശ്രമിക്കേണ്ടതെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.