ചെറുതോണി: സർക്കാർ വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളപ്പോഴും കർഷകർ ജപ്തിഭീഷണി ഭയന്ന് ജില്ലയിൽ ആത്മഹത്യ ചെയ്യുന്നതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ക്ഷേമപെൻഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക എന്നീ വിഷയങ്ങൾ ഉന്നിയിച്ചുകൊണ്ടായിരുന്നു പ്രതിഷേധ സംഗമം. ജില്ലാ പ്രസിഡന്റ് ജെയിംസ് മാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ.പി. ഉസ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറിമാർ അനിൽ ആനയ്ക്കനാട്ട്, ടി.എൻ. ബിജു, ഐ.ൻ.ടി.യു.സി റീജയണൽ പ്രസിഡന്റ് പി.ഡി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.