തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അദ്ധ്യാപികയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ക്ലാസിലിരുന്ന് പഠിപ്പ് സമരം നടത്തി. അരിക്കുഴ ഗവ. ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപികയെ മാറ്റിയതിനെതിരെയാണ് സ്കൂൾ പി.ടി.എയുടെ പിന്തുണയോടെ പത്താം ക്ലാസ് വിദ്യാർത്ഥികൾ വ്യത്യസ്തമായ സമരം നടത്തിയത്. വിദ്യാർത്ഥികൾ രാത്രി എട്ട് മണിവരെ ക്ലാസിനുള്ളിലിരുന്ന് പഠിച്ച് പ്രതിഷേധിച്ചു. പുറത്ത് രക്ഷിതാക്കൾ കാത്ത് നിന്നു. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നോടിയായി റിവിഷൻ നടത്തിക്കൊണ്ടിരിക്കെയാണ് അദ്ധ്യാപികയെ അപ്രതീക്ഷിതമായി സ്ഥലം മാറ്റിയത്. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മാറിപ്പോയാൽ അത് തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കാഞ്ഞിരമറ്റം സ്കൂളിലേക്കാണ് അദ്ധ്യാപികയെ മാറ്റിയത്. പകരം മൂലമറ്റത്തുള്ള അദ്ധ്യാപികയെ അരിക്കുഴയിലേക്കും മാറ്റി. ഇന്ന് സ്ഥലം മാറ്റം നടപ്പിലാകും. തിങ്കളാഴ്ച തൊടുപുഴയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് വിദ്യാർത്ഥികൾ നിവേദനം നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധം ഡി.ഡിയെ അറിയിച്ചതായി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി കേരളാകൗമുദിയോട് പറഞ്ഞു. വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100 ശതമാനം വിജയം കൈവരിക്കുന്ന അപൂർവം സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് അരിക്കുഴ ഗവ. ഹൈസ്കൂൾ. അതേസമയം ഭരണകക്ഷിയിലുള്ളവർ ഇടപെട്ട് സ്ഥലംമാറ്റം പിൻവലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് അറിവ്.