ഇടുക്കി: എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് ധനകാര്യസ്ഥാപനങ്ങൾ കർഷകർക്കെതിരെ സർഫാസി ആക്ട് അനുസരിച്ചുള്ള നിയമനടപടികൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ അഡ്വ: കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്ലാതാക്കാൻ പ്രത്യേകപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുതോണി കരാർഭവൻ ഹാളിൽ കൂടിയ യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് വി.എ. ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ്, സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റ്യൻ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജാൻസി ബേബി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടോണി ജോസ് എന്നിവർ പങ്കെടുത്തു.