തൊടുപുഴ: സ്‌പെഷ്യൽ സ്‌കൂൾ മേഖലയോടുള്ള അവഗണനയ്‌ക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ സമരം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പരിമിതി മൂലം സ്പെഷ്യൽ സ്കൂളുകളുടെ നിലനിൽപ്പ് അനിശ്ചിതത്വത്തിലാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിനപ്രയത്നംകൊണ്ടു മാത്രമാണ് സ്കൂളുകൾ നിലനിന്നുപോകുന്നത്. മാനസിക വൈകല്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ ഉത്തരവ് അനുസരിച്ച് പ്രതിവർഷം 28000 രൂപയുടെ ധനസഹായത്തിന് അർഹതയുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 6500 രൂപ മാത്രമാണ് ലഭിക്കുന്നത്. രാവിലെ തെനംകുന്ന് ബൈപാസിൽ നിന്ന് ആരംഭിച്ച മാർച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സഹ വികാരി ഫാ. വർഗീസ് പാറമേൽ ഫ്ലാഗ് ഓഫ് ചെയ്തു. സിവിൽ സ്റ്റേഷനുമുമ്പിൽ നടന്ന ധർണയിൽ ജില്ലാ മാനേജിംഗ് കമ്മിറ്റി പ്രതിനിധി ജെയിംസ് ടി. മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, രക്ഷകർതൃസമിതി ജില്ലാ പ്രതിനിധി ജിക്‌സ് മാത്യു എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ കൗൺസിലർ ജെസി ആന്റണി, മുൻ കേരളാ ഫുട്ബോൾ താരം സലിംകുട്ടി എന്നിവർ പങ്കെടുത്തു. സമരസമിതി കൺവീനർ ഫാ. ക്ലീറ്റസ് ഇടശേരി സ്വാഗതവും ജില്ലാ എയ്ഡ് അസോസിയേഷൻ പ്രസിഡന്റ് സിസ്റ്റർ സാലി ജോൺ നന്ദിയും പറഞ്ഞു.