കുമളി: പെരിയാർ കടുവാ സങ്കേതത്തിൽ ആദ്യമായി കുറുക്കന്റെ സാന്നിദ്ധ്യം. കാനീസ് ഒാറിയസ് (Jackal) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കുറുക്കനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒമ്പതിന് തേക്കടി തടാകത്തിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ പരിസരത്താണ് കുറുക്കനെ കണ്ടത്. പെരിയാർ ടെെഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ ‌ഡോ. പാട്രിക് ‌ഡേവിഡ്, നാച്യൂറിലിസ്റ്റ് രാജ്കുമാർ, സസ്തിനി ശാസ്ത്രജ്ഞന്മാരായ വിവേക് മേനോൻ, ഡോ.പി.എസ്. ഈസ എന്നിവരുടെ സംഘമാണ് കുറുക്കനെ കണ്ടത്. കാമറയിൽ ചിത്രം പകർത്തിയതിനാൽ കാനീസ് ഒാറീസ് ഇനത്തിൽപെട്ടത് തന്നെയാണെന്ന് ഉറപ്പിക്കാനായി. 1990 കൾക്ക് ശേഷം ആദ്യമായിട്ടാണ് പെരിയാർ ടൈഗർ റിസർവിൽ കുറുക്കനെ കാണുന്നതെന്ന് ഗവേഷകനായ ഡോ. പി.എസ്. ഇൗസ പറഞ്ഞു. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. പണ്ടുകാലങ്ങളിൽ പെരിയാർ കടുവാ സങ്കേതത്തിൽ കുറുക്കനെ ആദിവാസികൾ കണ്ടിട്ടുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ല. വന അതിർത്തിയോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിൽ നിന്ന് കൂട്ടം തെറ്റിയോ കടുവ, പുള്ളിപുലി, കാട്ടുനായ തുടങ്ങിയവയുടെ ഭക്ഷണ അവശിഷ്ടങ്ങൾ തേടിയോ എത്തിയതാകാമെന്നാണ് വിലയിരുത്തൽ. മിശ്രഭോജിയായ കുറുക്കൻ വൃഷങ്ങളും കുറ്റികാടുകളും നിറഞ്ഞ തുറസായ പ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത്. രാത്രകാലങ്ങളിൽ സ‌‌ഞ്ചരിക്കുന്ന ഇവയെ കണ്ടെത്തുക പ്രയാസകരമാണ്. ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന ഇവയെ അല്പ പരിഗണന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.