ചെറുതോണി: പുനർനിർമാണത്തെ അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസ്‌ നേതൃത്വം തെറ്റിദ്ധാരണ പരത്തി പുകമറ സൃഷ്ടിക്കുകയാണെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏറ്റവും കൂടുതൽ തുക അനുവദിച്ചിട്ടുള്ളത് ഇടുക്കി ജില്ലയ‌്ക്കാണ്‌. തകർന്ന റോഡുകൾ പുനർനിർമിക്കുന്നതിന്‌ 210 കോടി രൂപ അനുവദിച്ചു. ദേശീയപാതകൾ യുദ്ധകാലാടിസ്ഥാനത്തിലാണ‌് പുനർനിർമിക്കുന്നത‌്. ചെറുതോണി പാലത്തിന്‌ 38 കോടിയുടെ അനുമതിയായി. 25 കോടിയുടെ സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുന്നു. വീട്‌ തകർന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന ദുരന്തനിവാരണ ദുരതാശ്വാസ ഫണ്ടിൽ നിന്ന് 11 കോടി രൂപ വിതരണം ചെയ്‌തു. ഭവന പുനർനിർമാണത്തിന്‌ 44 കോടി രൂപയാണ്‌ ജില്ല ആവശ്യപ്പെട്ടത്‌. ഇതിൽ 33 കോടി രൂപ കൂടി ലഭിക്കാനുണ്ട്‌. ലഭിച്ച 11 കോടിയിൽ നിന്ന് 4429 പേർക്ക്‌ 10,000 രൂപ വീതം നൽകി. ഭാഗികമായി വീട്‌ തകർന്നവർക്ക്‌ നഷ്ടപരിഹാരമായി 10,000 രൂപ വീതം 2071 പേർക്ക്‌ നൽകി. 16 മുതൽ 29 ശതമാനംവരെ വീട്‌ തകർന്ന 864 പേർക്ക്‌ 60,000 രൂപ വീതമാണ്‌ നൽകുന്നത്‌. 30‐ 54 ശതമാനംവരെ തകർന്ന 90 പേർക്ക്‌ 1.25 ലക്ഷം വീതവും നൽകും. ഒന്നാം ഗഡുവായി 50,000 രൂപ നൽകിക്കഴിഞ്ഞു. 55‐ 74 വരെ ഭാഗികമായി വീട്‌ തകർന്നവർക്ക്‌ 2.25 ലക്ഷം രൂപയാണ‌് നഷ്ടപരിഹാരം. ഇതിൽ ഹൈറേഞ്ചിൽ 1,09,000 വും ലോറേഞ്ചിൽ 95,000 രൂപ വീതവും ആദ്യഗഡുവായി നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആറ‌് കോടി രൂപ കളക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്‌. കൃഷിനാശം വന്നവർക്ക്‌ കൃഷി വകുപ്പിൽ നിന്ന് നഷ്ടപരിഹാരവും പുനർകൃഷിക്കുള്ള സഹായവും തയ്യാറാക്കി വരികയാണ്‌. കാർഷക കടങ്ങൾക്ക്‌ ഒരു വർഷത്തെ മോറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്‌. എതെങ്കിലും ബാങ്കുകൾ ആശ്വാസ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. എന്നാൽ, കെ.എസ‌്.എഫ്‌.ഇ പോലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌ മോറട്ടോറിയം ബാധകമല്ലെന്ന വസ്‌തുത ബോധപൂർവം കോൺഗ്രസ്‌ മറച്ചുവയ്‌ക്കുകയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.