kk
കട്ടപ്പനയിൽ പ്രവർത്തനമാരംഭിക്കുന്ന വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ

ഇടുക്കി: സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കട്ടപ്പനയിൽ പണിത വർക്കിംഗ് വിമെൻസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും. കട്ടപ്പന ബൈപ്പാസ് റോഡിനു സമീപം 47 സെന്റ് സ്ഥലത്താണ് 1908ച. മീ. വിസ്തീർണ്ണത്തിൽ മൂന്നുനിലകളിലായി ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്നത്. 5.15 കോടി രൂപ ചിലവഴിച്ചാണ് 125 കിടക്കകളോടുകൂടിയ ഹോസ്റ്റൽ പൂർത്തീകരിച്ചത്. നിർമ്മാണ ചെലവിന്റെ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം തുക സംസ്ഥാന സർക്കാർ വിഹിതവുമാണ്. അധികമായി വരുന്ന തുക ബോർഡാണ് വഹിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, ഹൗസിംഗ് കമ്മീഷണർ ബി അബ്ദുൾ നാസർ, കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ മനോജ് എം. തോമസ്, ജില്ലാ കളക്ടർ കെ. ജീവൻ ബാബു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ജില്ലാ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ലിസി തോമസ് എന്നിവർ പങ്കെടുക്കും.