ഇടുക്കി: പട്ടയമേള 22ന് കുട്ടിക്കാനം മരിയൻ കോളേജ് ആഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷനായിരിക്കും. ഒരുക്കങ്ങൾക്കായി ഇ.എസ്. ബിജിമോൾ എം.എൽ.എ ചെയർപേഴ്സണായും ജില്ലാകളക്ടർ ജീവൻബാബു കെ. ജനറൽ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശേരി, ഇടുക്കി, കരിമണ്ണൂർ, രാജകുമാരി എന്നീ ഭൂമിപതിവ് ഓഫീസുകൾ ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്കാഫീസുകൾ, തൊടുപുഴ ലാന്റ് ട്രൈബ്യൂണൽ എന്നീ കാര്യാലയങ്ങളിൽ നിന്നുള്ള 6000 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്. ജോയ്സ് ജോർജ്ജ് എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഈ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ജില്ലയിൽ നടക്കുന്ന മൂന്നാമത് പട്ടയമേളയാണിത്.