തൊടുപുഴ: വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തി കൊന്ന കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.കെ. സുജാത
യാണ് പീരുമേട് 57-ാംമൈൽ പെരുവേലിൽപറമ്പിൽ ജോമോനെ (38) വധശിക്ഷയ്ക്ക് വിധിച്ചത്.
വിവിധ കുറ്റങ്ങളിലായി 30 കൊല്ലം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാർ 57-ാം മൈലിൽ വള്ളോംപറമ്പിൽ മോളി (55), മകൾ നീനു (22) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2007 ഡിസംബർ രണ്ടിനായിരുന്നു സംഭവം. ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രനെ (58)
2012 ൽ തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഹൈക്കോടതിയിൽ ഇയാൾ സമർപ്പിച്ച അപ്പീലും തള്ളി.വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കിയ
പ്രതികൾ രാത്രി വാതിൽ തകർത്ത് കയറി നീനുവിനേയും
സുഖമില്ലാതെ കിടപ്പിലായിരുന്ന മോളിയേയും മാനഭംഗംചെയ്തു കൊലപ്പെടുത്തുകയായിരുന്നു. തോർത്ത് കഴുത്തിലിട്ട് മുറുക്കി ഇരുവരെയും ബോധരഹിതരാക്കിയ ശേഷമാണ്
പീഡിപ്പിച്ചത്.എതിർത്തപ്പോൾ വാക്കത്തിയും കമ്പിവടിയും ഉപയോഗിച്ച് മുറിവേൽപ്പിച്ചു.
തുടർന്ന് കാൽമുട്ട് കൊണ്ട് വാരിയെല്ല് ഇടിച്ചു തകർത്ത് കൊലപ്പെടുത്തി. നീനുവിന്റെ ഏഴ് മാസം പ്രായമായ കുട്ടിയുടെ മുന്നിൽ വച്ചാണ് ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിനുശേഷം ജോമോൻ ഒളിവിൽ പോയതിനാൽ ഒന്നാം പ്രതിക്കൊപ്പം വിചാരണ നടത്താൻ കഴിഞ്ഞിരുന്നില്ല.
ദൃക്‌സാക്ഷികൾ ഒന്നും ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് കോടതി പരിഗണിച്ചത്. രണ്ട് പ്രതികളുടെ കേസിലും പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ.എ. റഹീമാണ് ഹാജരായത്.