അടിമാലി: വീടിനോട് ചേർന്ന് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത ബാങ്ക് ജീവനക്കാരനെ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. രാജാക്കാട് കള്ളിമാലി സ്വദേശി കാഞ്ഞിരത്തുകുന്നേൽ അരുൺ ബേബിയാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം നടന്നത്. യൂണിയൻ ബാങ്ക് ജീവനക്കാരനായ അരുൺ രാത്രി വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമിക്കപ്പെട്ടത്. അരുണിന്റെ വീടിനോട് ചേർന്നാണ് കള്ളിമാലി വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന അരുൺ വീടിനടുത്തെത്തിയപ്പോൾ ഒരുപറ്റം ആളുകൾ ചേർന്ന് പരസ്യമായി മദ്യപിക്കുന്നതും ബഹളമുണ്ടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇവരോട് വീടിനടുത്തുള്ള മദ്യപാനം അനുവദിക്കില്ലെന്ന് അരുൺ പറഞ്ഞു. ഇതിൽ പ്രകോപിതരായ മദ്യപസംഘം കുറുവടികളുമായി അരുണിന് നേർക്ക് പാഞ്ഞടുക്കുകയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി കൂട്ടമായി ആക്രമിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. തന്റെ കഴുത്തിൽ കിടന്നിരുന്ന മാലയും കാൽലക്ഷം രൂപയും മദ്യപസംഘം കവർന്നതായും അരുൺ പറഞ്ഞു. ആക്രമണത്തിൽ യുവാവിന്റെ മുഖത്തും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. അരുണിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാജാക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തി. പ്രദേശത്ത് രാത്രികാലങ്ങളിൽ സ്ഥിരമായി മദ്യപാനമുള്ളതിനാൽ സമീപവാസികളുടെ സ്വൈര്യ ജീവിതം ബുദ്ധിമുട്ടിലായതായും അരുൺ പറഞ്ഞു.