പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നഷ്ടമായ ഭരണം യു.ഡി.എഫിന് തിരികെ ലഭിച്ചത്. പ്രസിഡന്റായി ആലിസ് സണ്ണിയെയും വൈസ് പ്രസിഡന്റായി ഷാജി പൈനെടത്തിനെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആലിസ് സണ്ണിക്ക് ആറു വോട്ടുകളും എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ ആർ. സെൽവത്തായിക്ക് അഞ്ചു വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷാജി പൈനെടത്തിന് ആറും സി.പി.എമ്മിലെ ആർ. ദിനേശന് അഞ്ചും വോട്ടുകളും ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിസിയാമ്മ ജോസിനെയും വൈസ് പ്രസിഡന്റായിരുന്ന എൻ. സുധാകരനെയും തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. പൊതു തിരഞ്ഞെടുപ്പിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിനായിരുന്നു. മുന്നണി ധാരണ പ്രകാരം ആദ്യ രണ്ടര വർഷം ബീനാമ്മ ജേക്കബായിരുന്നു പ്രസിഡന്റ്. ആർ.എസ്.പി പ്രതിനിധി എൻ. സുധാകരൻ വൈസ് പ്രസിഡന്റാവുകയും ചെയ്തു. ആദ്യ ടേം തീർന്നതോടെ എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയത്തിന് കേരളാ കോൺഗ്രസ് (എം) അംഗമായ ലിസിയാമ്മ ജോസും ആർ.എസ്.പി പ്രതിനിധിയും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുധാകരൻ നീലാംബരനും പിന്തുണ നൽകി. പാർട്ടി നേതൃത്വങ്ങൾ ഇവർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും ഇത് ലംഘിച്ചാണ് ഇവർ എൽ.ഡി.എഫിനൊപ്പം നിന്നത്. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണവും നഷ്ടമായി. തുടർന്ന് ലിസിയാമ്മ ജേക്കബ് പ്രസിഡന്റായും എൻ. സുധാകരൻ വൈസ് പ്രസിഡന്റായും ഭരണസമിതി രൂപീകരിച്ചു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ കൂറുമാറ്റ നിയമ പ്രകാരം രണ്ട് അംഗങ്ങളെ അയോഗ്യരാക്കിയതോടെയാണ് ഭരണസമിതിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടി വന്നത്. 13 അംഗ ഭരണസമിതിയിൽ രണ്ടു പേരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതോടെ 11 പേർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്.
''ജനാധിപത്യ സംവിധാനത്തെ ആക്ഷേപിക്കുകയും അട്ടിമറിക്കുകയും ചെയ്ത സി.പി.എമ്മിന് കിട്ടിയ തിരിച്ചടിയാണ് യു.ഡി.എഫിന്റെ വിജയം. കുതിര കച്ചവടം ഒഴിവാക്കി ജനാധിപത്യത്തെ മാനിക്കാൻ സി.പി.എം ഇനിയെങ്കിലും തയ്യാറാവണം.""-
ഇബ്രാഹിംകുട്ടി കല്ലാർ (ഡി.സി.സി പ്രസിഡന്റ്)