മറയൂർ: ദ്രാവിഡ ജനതയുടെ വീരവിളയാട്ടമായ ജെല്ലിക്കെട്ട് തമിഴ്നാട്ടിലെ ഗ്രാമങ്ങളിലാണ് നടക്കുന്നതെന്നാണ് കേരളീയരുടെ ധാരണ. നൂറ്റാണ്ടുകളായി പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടക്കുന്ന പ്രദേശം കേരളത്തിലുമുണ്ട്. മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലയുള്ള വട്ടവട ഗ്രാമത്തിലെ തലവാസൽ എന്ന സ്ഥലത്താണ് നൂറ്റാണ്ടുകളായി ജല്ലിക്കെട്ട് നടന്നു വരുന്നത്. മറയൂർ മലനിരകളിലെ കാന്തല്ലൂർ മന്നവൻ ചോലവഴി മുപ്പത് കിലോമീറ്റർ യാത്രചെയ്ത് ഇവിടെ എത്തിച്ചേരാം. വട്ടവടയിൽ ജെല്ലിക്കെട്ട് എന്ന പദമല്ല ഉപയോഗിക്കുന്നത്. കാളയെ ഓടിക്കുക എന്ന അർഥം വരുന്ന മഞ്ചുവിരട്ട് എന്നവാക്കാണ് ഉപയോഗിക്കുന്നത് തമിഴ്നാട്ടിലും വർഷങ്ങൾക്ക് മുൻപ് മഞ്ചുവിരട്ട് എന്നാണ് ജെല്ലിക്കെട്ട് അറിയപ്പെട്ടിരുന്നതെന്നത്രേ. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള മൂന്ന് ജെല്ലിക്കെട്ട് രീതിയാണ് വടിമഞ്ചുവിരട്ട്, വായോലി വിരട്ട്, വടം മഞ്ചു വിരട്ട്. ഇതിൽ വടി മഞ്ചുവിരട്ട് എന്ന ജെല്ലിക്കെട്ട് രീതിയാണ് കേരളത്തിലെ വട്ടവടയിൽ നടന്നു വരുന്നത്. മാട്ടുപൊങ്കൽ ദിവസമാണ് ജെല്ലിക്കെട്ട് അരങ്ങേറുന്നത്.
തമിഴ് പാരമ്പര്യം മായാത്ത വട്ടവട
450 വർഷങ്ങൾക്ക് മുമ്പ് മധുരയിൽ നിന്ന് തമ്പുരാൻ ചോലവഴി മറയൂർ മലനിരകളിൽ എത്തിചേർന്നവരുടെ പിൻമുറക്കാരാണ് വട്ടവട നിവാസികൾ. എത്തിചേർന്നിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും തമിഴ്നാടൻ ഗ്രാമങ്ങളുടെ തനിപകർപ്പാണ് ഇന്നും വട്ടവട. ജല്ലിക്കെട്ടിന്റെ നാടായ മധുരയിൽ നിന്ന് കുടിയേറി എത്തിയവരായ വട്ടവട കൊട്ടാക്കൊമ്പൂർ നിവാസികൾ പൊങ്കൽ ആചാരങ്ങളുടെ ഭാഗമായുള്ള ജെല്ലിക്കെട്ടും തുടർന്ന് വരുന്നു.
അതിർത്തി ഗ്രാമങ്ങൾ ജല്ലിക്കെട്ട് ലഹരിയിൽ
തമിഴ്നാട്ടിലെ മധുര കരൂർ, തേനി ജില്ലകളെല്ലാം ജെല്ലിക്കെട്ടിന്റെ ലഹരയിലാണ്. ഉസലാംപെട്ടി, അളകാനല്ലുർ, ആവണിയാപുരം ജെല്ലിക്കെട്ടുകളാണ് ഏറ്റവും പ്രശസ്തം. ഇതിൽ ആവണിയാപുരം, പാളമേട് എന്നീ ജെല്ലിക്കെട്ടുകൾക്കാണ് തുടക്കമായത്. കോടതി നിബന്ധനൾ കാരണം പകൽ സമയത്ത് മാത്രമാണ് ജെല്ലിക്കെട്ട് ഇപ്പോൾ നടക്കുന്നത്. രാവിലെ ഒമ്പത് മുതൽ നടന്ന ജെല്ലിക്കെട്ടുകളിൽ 900 കാളകൾക്കാണ് അനുമതി നൽകിയത്.
ജെല്ലിക്കെട്ടിനിടെ നിരവധി പേർക്ക് പരിക്ക്
പാളമേട് ജെല്ലിക്കെട്ടിൽ പങ്കെടുത്ത 48 പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേരുടെ നില അതീവ ഗുരുതരവുമാണ്. ആവണിയാപുരം ജെല്ലിക്കെട്ടിൽ 92 പേർക്ക് പരിക്കേറ്റു. ഇതിൽ 44 പേർ കണ്ടുനിന്നവരാണ്. പരിക്കേറ്റവർ മധുര രാജാജി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാളമേട് ജല്ലിക്കെട്ടിൽ പത്ത് കാളകളെ പിടികൂടി അടക്കി നിർത്തുന്നതിന് നേതൃത്വം നൽകിയ അളകാനല്ലൂർ ഒത്തവീടിൽ പ്രഭാകരന് ഒന്നാം സമ്മാനമായി ബൈക്കും പിടികൊടുക്കാതിരുന്ന ഉസലാംപെട്ടി പ്രഭുവിന്റെ കാളയ്ക്ക് ഒന്നാം സമ്മാനമായി മാരുതി ഒമ്നി കാറും സമ്മാനമായി ലഭിച്ചു.