തൊടുപുഴ: കൊട്ടക്കാമ്പൂർ ഭൂമി ഇടപാട് തട്ടിപ്പിന് ഇരയായവരുടെ മൊഴിമാറ്റത്തിനു പിന്നിൽ ജോയ്സ് ജോർജ്ജ് എം.പിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. 2005ൽ ദേവികുളം മജിസ്‌ട്രേറ്റ് കോടതിയിൽ ബാലൻ, മുരുകൻ, ഗണേശൻ എന്നിവർ നൽകിയ സത്യവാങ്മൂലത്തിൽ ജോയ്സ് ജോർജ്ജിനും പിതാവിനും എതിരെയായിരുന്നു മൊഴി നൽകിയിരുന്നത്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ജോയ്സ് ജോർജ്ജിനും കുടുംബത്തിനും അനുകൂലമായി മൊഴി മാറ്റിയതിന് പിന്നിലുള്ള ഗൂഢാലോചന അന്വഷിക്കണം. 2005-ൽ ബാലൻ, മുരുകൻ, ഗണേശൻ എന്നിവർ നൽകിയ സത്യവാങ്മൂലത്തിൽ ഇവരുടെ പേരിൽ വ്യാജ ഒപ്പിട്ട് വ്യാജമായി പട്ടയത്തിന് അപേക്ഷ സമർപ്പിച്ചത് ജോയ്സ് ജോർജ്ജാണെന്നും പിന്നീട് ഒരന്വേഷണവും നടത്താതെ ദേവികുളം എൽ.എ. തഹസിൽദാർ അനുവദിച്ച പട്ടയം ഇവരുടെ കള്ള ഒപ്പിട്ട് ജോയ്സ് ജോർജ്ജ് സ്വന്തമാക്കിയെന്നും പിന്നീട് വ്യാജ പവർ ഒഫ് അറ്റോർണി ഉണ്ടാക്കി സബ് രജിസ്ട്രാർ ഓഫീസിൽ ആൾമാറാട്ടം നടത്തി ജോയ്സ് ജോർജ്ജും പിതാവും ഭൂമി തട്ടിയെടുത്തെന്നും പിന്നീട് ഈ ഭൂമി ജോയ്സ് ജോർജ്ജിന്റെ പിതാവ് ഭാര്യയ്ക്കും മക്കൾക്കും എഴുതി നൽകിയെന്നുമാണ് പറഞ്ഞിട്ടുള്ളത്. ആദ്യ സത്യവാങ്മൂലത്തിൽ ഈ ഭൂമി തട്ടിപ്പിന് പിന്നിൽ ജോയ്സ് ആണെന്നു പറയുമ്പോൾ രണ്ടാമത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ജോയ്സിനും കുടുംബത്തിനും തട്ടിപ്പിൽ ഒരു പങ്കുമില്ലെന്ന് പറഞ്ഞിരിക്കുന്നു. ഈ മൊഴിമാറ്റം ഗൂഢാലോചനയുടെ ഭാഗമാണ്. നിരക്ഷരരായ പട്ടികജാതിക്കാരെ ഭീഷണിപ്പെടുത്തിയും സ്വാധീനം ചെലുത്തിയുമാണ് മൊഴിമാറ്റിയത്. സബ് കളക്ടർ മുമ്പാകെ ഹിയറിങ്ങിന് ഹാജരായാൽ പട്ടയം റദ്ദ് ചെയ്ത നടപടി ശരിവയ്ക്കും. വ്യാജ പട്ടയം ഉണ്ടാക്കിയതിന് ആദ്യ സത്യവാങ്മൂലത്തിൽ കുറ്റാരോപിതനായ ജോയ്സ് ജോർജ്ജും കുടംബവും പ്രതിചേർക്കപ്പെടും. ഇത് ഒഴിവാക്കാനുള്ള ശ്രമമാണ് പുതിയ സത്യവാങ്മൂലം നൽകിയതിലൂടെ ഇപ്പോൾ നടത്തുന്നത്. ഈ മൊഴിമാറ്റം ചൂണ്ടിക്കാട്ടി കോടതിയിൽ പരാതി നൽകുമെന്നും ഭൂമി തട്ടിപ്പിലെ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുന്നതുവരെ നിയമ പോരാട്ടം നടത്തുമെന്നും ഡീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് ലോക്സഭാ പ്രസിഡന്റ് ബിജോ മാണിയും പങ്കെടുത്തു.