കട്ടപ്പന: മർച്ചന്റ്സ് അസോസിയേഷനും റോട്ടറി ക്ലബ് ഒഫ് കട്ടപ്പന ഹെറിറ്റേജും സംയുക്തമായി നടത്തുന്ന കട്ടപ്പന ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം ജോയ്സ് ജോർജ് എംപി നിർവഹിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് 28 വരെ നീളും. ഉദ്ഘാടനത്തിനു മുന്നോടിയായി ഇരുചക്രഓഫ് റോഡ് വാഹനങ്ങൾ അണിനിരക്കുന്ന വിളംബര ജാഥയും പിന്നാലെ തൃശൂരിൽ നിന്നുള്ള പുലികളി സംഘം അണിനിരന്ന സാംസ്‌കാരിക റാലിയും നടന്നു. 80 മീറ്റർ നീളമുള്ള ചരിത്ര ഗുഹ, റോപ് വേ, കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്ക് ഉൾപ്പെടെ ഇരുപതോളം റൈഡുകൾ, മെഡിക്കൽ എക്സിബിഷൻ, ഓഫ്രോഡ് സൈക്ലിങ്, പുരാതന നാണയ പ്രദർശനം, അക്വാപെറ്റ്സ് ഷോ തുടങ്ങിയവയെല്ലാം ഫെസ്റ്റിലുണ്ട്. നൂറിലധികം സ്റ്റാളുകളാണ് ഫെസ്റ്റിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും കലാസന്ധ്യ അരങ്ങേറും. രാവിലെ 10 മുതൽ വൈകിട്ട് ഒമ്പത് വരെയാണ് പ്രവേശനം. ആറ് വയസുവരെയുള്ള കുട്ടികൾക്കു പ്രവേശനം സൗജന്യമാണ്. 15 വയസിൽ താഴെയുള്ള മറ്റു കുട്ടികൾക്ക് 30 രൂപയും മുതിർന്നവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന പാസുമായി എത്തുന്നവർക്ക് 30 രൂപയാകും പ്രവേശന ഫീസ്. ഫെസ്റ്റ് നടക്കുന്ന എല്ലാ ദിവസങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ മികച്ച രീതിയിൽ അലങ്കരിക്കുന്നവർക്കും സമ്മാനങ്ങളുണ്ട്. നഗരസഭാ ചെയർമാൻ മനോജ്.എം.തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ബെന്നി കല്ലൂപുരയിടം, സി.കെ.മോഹനൻ, ടിജി.എം.രാജു, പി.ആർ.രമേഷ്, സിജോമോൻ ജോസ്, പി.എം.ജെയിംസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.