വണ്ടിപ്പെരിയാർ: ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ വൈകും തോറും പെരിയാർ ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. ഗതാഗത നിയന്ത്രണത്തിനായി ടൗണിലെ സെൻട്രൽ ജംഗ്ഷനിൽ ഇരുചക്ര വാഹന പാർക്കിംഗ് നിരോധിച്ചത് മാത്രമാണ് പഞ്ചായത്ത് നടപ്പിലാക്കിയ ഏക പരിഷ്‌കരണം. ഇത് പൂർണതോതിൽ നടപ്പിലാക്കാനും കഴിഞ്ഞില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഇതിന് പുറമെ വിനോദ സഞ്ചാരികളുടെയും തീർത്ഥാടക വാഹനങ്ങളുടെയും വരവ് കൂടിയതും കുരുക്ക് രൂക്ഷമാക്കി. കക്കികവലയിൽ റോഡ് ഉയർത്തുന്ന പണികൾ നടക്കുന്നതിനാൽ ഇവിടെയും ഗതാഗതതടസം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അനുഭവപ്പെട്ട ഗതാഗത തടസം മൂലം ടൗണിൽ നിന്ന് അരക്കിലോമീറ്റർ ദൂരം ഇരുവശങ്ങളിലും വാഹനങ്ങൾ നിരയായി കിടക്കേണ്ടി വന്നു. ഗതാഗതം വീണ്ടും സാധാരണ നിലയിൽ എത്തിയത് ഒരു മണിക്കൂർ പിന്നിട്ട ശേഷമാണ്. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പൊലീസുകാരുമില്ല. ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ച പൊലീസുകാരാവട്ടെ നിസഹായ അവസ്ഥയിലുമാണ്. രാത്രി കാലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ടൗണിലെ പ്രധാന കവലയിൽ മാത്രമാണ് ഹോംഗാൾഡുകളുള്ളത്. ഒരു പരിധി വരെ ഇവരാണ് ഗതാഗത നിയന്ത്രണം നടത്തുന്നത്. ടൗണിൽ ആട്ടോറിക്ഷകളുടെ എണ്ണം വർധിച്ചതിനാൽ കാൽനടക്കാർക്ക് പോലും ടൗണിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. നടപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഗതാഗത കുരുക്കും പാർക്കിംഗിന് ഇടമില്ലാത്തതും കാരണം കടകളിൽ കച്ചവടം നടക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കടകളിൽ എത്തുന്നവർക്കാകട്ടെ ആട്ടോറിക്ഷക്കാരുടെ ശല്യം മൂലം ഇരുവശത്തേക്കും കടക്കാനും കഴിയുന്നില്ല. സ്‌കൂൾ സമയത്തും തിരക്ക് അതിരൂക്ഷമാണ്. പെരിയാർ വികസനത്തിനായി ബൈപ്പാസ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


''വണ്ടിപ്പെരിയാർ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികളെടുക്കും. ഇതിനായി ജനപ്രതിനികളുടെയും രാഷ്ട്രീയ പാർട്ടിയുടെയും യോഗം വിളിച്ചു കൂട്ടും.""-

ഇടുക്കി അഡീഷണൽ പൊലീസ് മേധാവി എം. ഇക്ബാൽ