തൊടുപുഴ: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഇന്നും നാളെയും അടിമാലിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് രാവിലെ 10ന് മന്ത്രി എം.എം. മണി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജോയിസ് ജോർജ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. നാളെ കേരളവിഷൻ ബ്രോഡ് ബാന്റ് ഹോട്ട് സ്പോട്ട് പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ നിലനിൽപ്പ് അപകടത്തിലാക്കിക്കൊണ്ട് ടെലികോം റഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായി) പുതിയ താരിഫ് നിയമം നടപ്പിലാക്കിയ പശ്ചാത്തലത്തിൽ ചേരുന്ന കൺവെൻഷന് വളരെ പ്രാധാന്യമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ചാനലുകളും മുടക്കംകൂടാതെ വരിക്കാർക്ക് എത്തിച്ചുനൽകുന്ന കേബിൾ ടി.വി ഓപ്പറേറ്റർമാരെ എങ്ങനെ നിലനിറുത്താമെന്നോ ഈ വിഭാഗത്തിന്റെ അതിജീവനമോ ട്രായി മുഖവിലക്കെടുത്തുമില്ല. മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ രാജ്യമൊകെ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുകയാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞനിരക്കിൽ ടെലിവിഷൻ കാഴ്ചകൾ ലഭ്യമാക്കുന്ന കേരളത്തിലെ കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ അതിജീവനം ഉറപ്പാക്കാനുള്ള ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനാണ് രണ്ട് ദിവസത്തെ കൺവെൻഷൻ മുഖ്യപരിഗണന നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി. രാജൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.സി.ബി.എൽ ചെയർമാനുമായ പ്രവീൺ മോഹൻ, ജില്ലാ പ്രസിഡന്റ് സിനോജ് ഫ്രാൻസിസ്, കേരളവിഷൻ ഡയറക്ടർ സി. സുരേഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.