ഇടുക്കി: ദേവികുളം താലൂക്കിൽ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മൂന്നാറിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തീരുമാനം. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും നിരോധനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജനപ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ടാക്‌സി ആട്ടോ ഡ്രൈവർമാർ, ആഡിറ്റോറിയം ഉടമകൾ, ട്രാവൽ ഏജൻസികൾ, വ്യാപാരി വ്യവസായ സംഘടനകൾ, ഹോട്ടൽ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ, റിസോർട്ട് ഹോം സ്റ്റേ അസോസിയേഷൻ, ആരോഗ്യ വകുപ്പ്‌, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവയുടെ യോഗം പഞ്ചായത്ത് സെക്രട്ടറിമാർ ഉടൻ വിളിച്ചു ചേർക്കും. നിശ്ചിത തീയതി മുതൽ താലൂക്കിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കർശന നിയമനടപടികൾ പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടർ കെ. ജീവൻ ബാബു അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിമാർ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചു സ്വീകരിച്ചുവരുന്ന നടപടികൾ യോഗത്തിൽ വിശദീകരിച്ചു. മാങ്കുളം, ചിന്നക്കനാൽ, വട്ടവട തുടങ്ങിയ പഞ്ചായത്തുകളിൽ താരതമ്യേന പ്ലാസ്റ്റിക് ഉപയോഗം കുറവാണെന്ന് യോഗത്തിൽ അറിയിച്ചു. അടിമാലി പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനം വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും അതിനെ മാതൃകയാക്കുന്നതാണെന്നും യോഗം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള ഉത്പന്നങ്ങൾ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് തടയാൻ പരിശോധനാ നടപടികൾ കർശനമാക്കണം. അത്തരം ഉത്പ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുന്നതിന് എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും അധികാരപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
മൂന്നാർ ടീ കൗണ്ടിയിൽ ചേർന്ന യോഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ.സജീവൻ ആമുഖപ്രഭാഷണം നടത്തി. ബോർഡ് മെമ്പർ സെക്രട്ടറി എസ്. ശ്രീകല വിഷയാവതരണം നടത്തി. മേഖലാ ചീഫ് എൻവയോൺമെന്റൽ എൻജിനീയർ എം.എ. ബൈജു ചർച്ചകൾക്ക് നേതൃത്വം നൽകി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു ഹരിതകേരളം മിഷൻ നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങൾ ജില്ലാ കോഓർഡിനേറ്റർ ഡോ. ജി.എസ് മധു വിശദീകരിച്ചു. എൻവയോൺമെന്റൽ എൻജിനീയർ എബി വർഗീസ് സ്വാഗതവും അസിസ്റ്റന്റ് എൻവയോൺമെന്റൽ എൻജിനീയർ ജി.എം. ചിറയിൽ നന്ദിയും പറഞ്ഞു.