തൊടുപുഴ: കെ.എസ്.ഇ.ബിയുടെയും എം.വി.ഐ.പിയുടെയും നേതൃത്വത്തിലുള്ള അറ്റകുറ്റ പണികൾക്കായി ഇന്നലെ രാവിലെ മുതൽ ഉച്ചയ്ക്ക് 12 വരെ മലങ്കര ഡാമിൽ നിന്ന് തൊടുപുഴയാറ്റിലേക്ക് വെള്ളം വിടുന്നത് ഭാഗികമായി നിറുത്തി. തുടർന്ന് തൊടുപുഴയാറ്റിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിരുന്നു. മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം കുറവായതിനാൽ രണ്ട് ദിവസമായിട്ട് മലങ്കര ജലസംഭരണിയിൽ വെള്ളത്തിന്റെ അളവ് 40 മീറ്ററായി നിലനിറുത്തിയിരിക്കുകയാണ്. ഡാമിന്റെ വലത് കനാലിലൂടെ 30 സെ. മീറ്റർ ഉയരത്തിലും ഇടത് കനാലിലൂടെ 80 സെ.മീറ്റർ ഉയരത്തിലുമാണ് വെള്ളം കടത്തി വിടുന്നത്. വലത് കനാലിൽ നിന്നുള്ള വെള്ളം ഇടവെട്ടി, കുമാരമംഗലം, പോത്താനിക്കാട് പ്രദേശത്തേക്കും ഇടത് കനാലിലെ വെള്ളം കരിങ്കുന്നം, പാലക്കുഴ, കൂത്താട്ടുകുളം പ്രദേശത്തേക്കുമാണ് ഒഴുകിയെത്തുന്നത്.