ചെറുതോണി: ഇടുക്കി ആർ.ഡി.ഒയുടെ ഓഫീസിലേയ്ക്ക് കരാറുകാരും ടിപ്പർ- ജെ.സി.ബി ഓപ്പറേറ്റേഴ്സ് അസോസിയേഷനും തൊഴിലാളികളും ചേർന്ന് നടത്താനിരുന്ന മാർച്ച് പൊലീസ് നിരോധനത്തെ തുടർന്ന് ഉപേക്ഷിച്ചു. ഏഴ് ദിവസം മുമ്പ് അറിയിപ്പ് നൽകാത്തതിനാലാണ് തടയുന്നതെന്ന് അറിയിച്ച് വ്യാഴാഴ്ച വൈകിട്ട് സംഘടനാ ഭാരവാഹികൾക്ക് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു. സമരം അക്രമാസക്തമാകുമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് മാർച്ച് തടഞ്ഞതെന്ന് പറയപ്പെടുന്നു. കരാറുകാരും വാഹന ഉടമകളും തൊഴിലാളികളുമായി നാനൂറോളം പേരാണ് പണിമുടക്കി മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. മാർച്ച് നടന്നില്ലങ്കിലും തൊഴിലാളികൾ പണിമുടക്കിയതിനാൽ നിർമാണ മേഖല സ്തംഭിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തിലധികം ടിപ്പറുകളും ജെ.സി.ബികളും പിടിച്ചിട്ടുണ്ട്. നിർമാണ മേഖലയിലെ പ്രശ്നങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതായും ഭാരവാഹികൾ പറഞ്ഞു.