പീരുമേട്: വാഹനനിർമ്മാണ കമ്പനി പറ്റിയ തെറ്റിന് പരിഹാരമായി മൂന്ന് ലക്ഷം രൂപ നഷ്ടം സഹിച്ച് പാമ്പനാർ സർക്കാർ ഹൈസ്‌കൂളിന് പുതിയ ബസ് നൽകി. മൂന്നുമാസം മുമ്പ് വാങ്ങിയ ബസ് മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്യാൻ എത്തിച്ചപ്പോഴാണ് ബോഡി കോഡ് പ്രകാരമുള്ള വാഹനമല്ലെന്ന് ബോധ്യമായത്. ഇതോടെ രജിസ്‌ട്രേഷൻ ചെയ്തുനൽകാൻ ജോയിന്റ് ആർ.ടി.ഒ തയ്യാറായില്ല. അതുകൊണ്ട് ഓടിക്കാനാകാതെ ബസ് സ്‌കൂളിനു മുമ്പിൽ മാസങ്ങളായി ഒതുക്കിയിട്ടിരിക്കുകയായിരുന്നു. പിന്നീട് കമ്പനി പ്രതിനിധികൾ ജില്ലാ ഭരണകൂടവും സ്‌കൂൾ അധികൃതരുമായി നടത്തിയ ചർച്ചകളിൽ രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ ഉത്തരവ് ഉടൻ ഹാജരാക്കാമെന്നും അതിന് സാധിച്ചില്ലെങ്കിൽ ബസ് മാറ്റി നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കമ്പനി പുതിയ വാഹനം സ്‌കൂളിന് നൽകുകയായിരുന്നു. 2018 മോഡൽ ബസ് രജിസ്‌ട്രേഷൻ ചെയ്ത് ഓടിത്തുടങ്ങി. 16 ലക്ഷം രൂപയാണ് പുതിയ ബസിന്റെ വില. ആദ്യം വാങ്ങിയ ബസിന്റെ വില 13 ലക്ഷമായിരുന്നു. ബാക്കി മൂന്നു ലക്ഷം രൂപ സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടപ്രകാരം നഷ്ടപരിഹാര തുകയായി കമ്പനി ഇളവുചെയ്തു. എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച തുക ചെലവഴിച്ചാണ് സ്‌കൂളിന് ബസ് വാങ്ങിയത്. 2016 മോഡൽ വാഹനമായിരുന്നു അന്ന് വാങ്ങിയിരുന്നത്. കൂടുതൽ സീറ്റുകൾ ഉള്ളതിനാലാണ് ഈ ബസ് തിരഞ്ഞെടുത്തതെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ വിശദീകരണം. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് ബസ് വാങ്ങിയത്.